തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മറ്റൊരു ട്രാൻസ് യുവതി (Trans Woman Death) കൂടി ജീവനൊടുക്കി. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും ട്രാൻസ് യുവതിയുമായ താഹിറ അസീസ് ആണ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് സൂചനയുണ്ട്.
അതേസമയം താഹിറ അസീസിന്റെ മരണത്തിൽ ട്രാൻസ് ആക്ടിവിസ്റ്റ് സീമ വിനീത് പ്രതികരിച്ചു. സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കുകപെട്ടിട്ടുണ്ടാകാമെന്ന് സീമ ഫേസ്ബുക്കിൽ കുറിച്ചു. ‘സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കുകപെട്ടിട്ടുണ്ടാകാം, ഒറ്റപ്പെട്ടിട്ടുമുണ്ടാകാം, ഒരു പക്ഷേ ഒരു സെക്കന്റ് അവളെ കേൾക്കാൻ ഒരു മനസ്സ് ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം. മരണം ഒഴിച്ചു എന്തിനും നമ്മുക്ക് പരിഹാരം കണ്ടെത്താം’, സീമ വിനീത് ഫേസ്ബുക്കിൽ കുറിച്ചു.

