ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി കേരളത്തിൽ വീണ്ടും നോക്കു കൂലി വിവാദം. എൻഡിടിവി ജേർണലിസ്റ്റായ ജാസ്മിൻ ജോസ് തന്റെ സഹോദരന്റെ വ്യാപാര സ്ഥാപനത്തിന് സാധനങ്ങൾ ട്രക്കിൽ നിന്നിറക്കാൻ സിഐടിയു അംഗങ്ങൾ അനുവദിക്കുന്നില്ലെന്ന് ട്വീറ്റ് ചെയ്തു. സിഐടിയു അംഗങ്ങൾ ബഹളം വയ്ക്കുന്നതിന്റെ വീഡിയോയും അവർ പോസ്റ്റ് ചെയ്തു.
“ഹൈക്കോടതി ഉത്തരവ് അവഗണിച്ച്, CITU അംഗങ്ങൾ സാധനങ്ങൾ ഇറക്കുന്നത് തടയുകയും എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു, ഞങ്ങൾ കേരളത്തിൽ പത്തനംതിട്ടയിൽ ബിസിനസ്സ് നടത്തുന്നു. എന്റെ സഹോദരന്റെ ജീവന് ഭീഷണിയുണ്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശരിക്കും ഭയാനകമായ സാഹചര്യം”, ജാസ്മിൻ പോസ്റ്റിൽ പറയുന്നു. നോക്കുകൂലി നിരോധിക്കണമെന്ന് കഴിഞ്ഞ വർഷം സെപ്തംബർ മൂന്നിന് കേരള ഹൈക്കോടതി പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നോക്കുകൂലി എന്ന ആചാരം കേരളത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുകയാണ്. ഇത് ഇല്ലാതാക്കണം. സംസ്ഥാനത്തെക്കുറിച്ച് തെറ്റായ ധാരണകൾ സൃഷ്ടിക്കുന്നു. അതേസമയം ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം,” കോടതി പറഞ്ഞു. 2018 മെയ് 1 ലെ എക്സിക്യൂട്ടീവ് ഉത്തരവിൽ, കേരള സർക്കാർ നോക്കുകൂലി നിയമവിരുദ്ധമാക്കിയിരുന്നു, എന്നാൽ ഉത്തരവ് നടപ്പിലാക്കാൻ ഒരു ശ്രമവും ഉണ്ടായില്ല. കഴിഞ്ഞ വർഷം സെപ്തംബർ 4 ന്, കേരളത്തിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ തൊഴിലാളി യൂണിയനുകൾ നോക്കുകൂലി ആവശ്യപ്പെട്ട് സമരം ചെയ്തിരുന്നു.

