ദില്ലി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മുഖ്യ സ്പോൺസർമാരായി ഇനി ടാറ്റ ഗ്രൂപ്പ്. അടുത്ത സീസൺ മുതൽ ടാറ്റ ഗ്രൂപ്പാവും ഐപിഎൽ സ്പോൺസർ ചെയ്യുക എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു.
2018-22 കാലയളവിൽ 2200 കോടി രൂപയ്ക്കാണ് വിവോ ഐപിഎലുമായി കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ, ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് 2020 സീസണിൽ വിവോ വിട്ടുനിന്നു. പകരം ഡ്രീം ഇലവനായിരുന്നു സ്പോൺസർ.
എന്നാൽ കഴിഞ്ഞ വർഷം വിവോ തിരികെ എത്തിയിരുന്നു. ഈ വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും പിന്മാറാൻ വിവോ തീരുമാനിക്കുകയായിരുന്നു.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ മുംബൈ നഗരത്തിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചനയുണ്ട്. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
അതിരൂക്ഷമായി കോവിഡ് വ്യാപനം ആരംഭിച്ച 2020 സീസണിൽ പൂർണമായും യുഎഇയിലാണ് ഐപിഎൽ നടത്തിയത്. കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ ചില മത്സരങ്ങൾ നടത്തുകയും കൊവിഡ് ബാധയെ തുടർന്ന് ടൂർണമെൻ്റ് നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് ബാക്കി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റുകയും ചെയ്തു.

