ഗോവ മറ്റൊരു നിയമസഭാ തെരെഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. വരുന്ന ഫെബ്രുവരി 14 നു ഒറ്റ ഘട്ടമായിട്ടാണ് ഗോവയിൽ തെരെഞ്ഞെടുപ്പ് നടക്കുക. 40 സീറ്റുകളുള്ള നിയമസഭയിൽ 23 സീറ്റുകളുമായി ബിജെപി യാണ് ഭരണകക്ഷി, പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള നിലവിലെ ബിജെപി സർക്കാർ അധികാരം നിലനിർത്തും എന്നുതന്നെയാണ് എല്ലാ അഭിപ്രായ സർവ്വേകളും പറയുന്നത്. ബിജെപി യെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനകാര്യം മനോഹർ പരീക്കർ എന്ന ജനകീയ നേതാവിന്റെ അഭാവമാണ്. ഗോവയുടെ വികസനത്തിനും ബിജെപ്പിക്കനുകൂലമായ സംസ്ഥാനത്തിന്റെ രാഷ്ട്രീയ പരിണാമത്തിനും സുപ്രധാന പങ്കുവഹിച്ച നേതാവാണ് പരീക്കർ. ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാന ഭരണം പിടിക്കാൻ ഒരു ബിജെപി നേതാവെന്ന നിലയിൽ പരീക്കറുടെ പരിശ്രമം ബിജെപി യുടെ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതായിരുന്നു. ചെറുപ്രായത്തിൽ തന്നെ RSS ൽ അംഗമായി, IIT ബിദുദധാരിയായി 26 ആം വയസ്സിൽ സംഘചാലക് രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാൾ. 1994 ൽ എം എൽ എ ആയി. ഇന്ത്യയിൽ ഒരു MLA ആകുന്ന ആദ്യ IIT ക്കാരനാണ് പരീക്കർ. 1999 ൽ പ്രതിപക്ഷ നേതാവ് 2000 മുതൽ 2019 വരെ മൂന്ന് തവണയായി മുഖ്യമന്ത്രി പദവിയിൽ.
രണ്ടാം തവണ മുഖ്യമന്ത്രി പദവിയിലിരിക്കുമ്പോഴാണ് 2014 ൽ രാജ്യരക്ഷാ മന്ത്രിയായി പുതിയ ഉത്തരവാദിത്തം അദ്ദേഹത്തെ തേടിയെത്തിയത് അതോടെ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാകുന്ന ആദ്യ ഗോവാക്കാരനായി അദ്ദേഹം മാറി. രാജ്യരക്ഷാ മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യം കൈയ്യടികളോടെ അംഗീകരിച്ചു. പക്ഷെ ഗോവയിലെ രാഷ്ട്രീയം ഏറ്റവും നന്നായി വഴങ്ങുന്ന ബിജെപി നേതാവാണ് പരീക്കർ. 2017 ലെ തെരെഞ്ഞെടുപ്പിൽ തൂക്ക് മന്ത്രിസഭ യായിട്ടും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഏവരെയും അത്ഭുതപ്പെടുത്തി സർക്കാരുണ്ടാക്കിയത് ബിജെപി യായിരുന്നു. അതിനായി നിയോഗിക്കപ്പെട്ടത് വീണ്ടും പരീക്കറായിരുന്നു. പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ച് അദ്ദേഹം ഗോവയിൽ തിരിച്ചെത്തി അദ്ദേഹം നടത്തിയ ചടുലനീക്കങ്ങൾ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഇന്നും പാഠമാണ്. പകച്ചു നിന്ന കോൺഗ്രസിനെ സാക്ഷിയാക്കി പരീക്കർ മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അങ്ങനെ ഗോവൻ രാഷ്ട്രീയത്തിൽ തന്റേതെന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, അഴിമതിയുടെ കറ പുരളാത്ത സമാനതകളില്ലാത്ത നേതാവായിരുന്നു പരീക്കർ. ഗോവയുടെ സർവ്വതോൻമുഖമായ വികസനത്തിന് ചുക്കാൻ പിടിച്ച ശക്തനായ ഭരണാധികാരിയും ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്തെ ബിജെപിക്ക് സമ്മാനിച്ച അസാമാന്യ സംഘാടകനുമായിരുന്നു പരീക്കർ. ഒടുവിൽ അധികാരത്തിലിരിക്കെ 2018 ൽ അർബുദത്തിന് വഴങ്ങി രോഗബാധിതനായി. പാൻക്രിയാസ് ക്യാന്സർ ബാധിച്ചതിനു ശേഷവും അദ്ദേഹം ഒരു വര്ഷം മുഖ്യമന്ത്രി പദത്തിൽ തുടർന്നു. മൂക്കിൽ ട്യൂബുമായി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന ആ കർമ്മയോഗിയെ നമ്മൾ മറന്നിട്ടില്ല. ഒടുവിൽ 2019 മാർച്ച് 17 ന് മനോഹർ പരീക്കർ പോരാട്ടം അവസാനിപ്പിച്ച് വിടവാങ്ങി. ഗോവൻ രാഷ്ട്രീയത്തിൽ ഒരു സുവർണ്ണ അധ്യായത്തിനു തിരശീല വീണു. 2020 ൽ രാഷ്ട്രം ആ അതുല്യ രാജ്യസ്നേഹിയെ പദ്മഭൂഷൺ നൽകി ആദരിച്ചു. മഹാനായ ആ നേതാവിന്റെ അഭാവത്തിൽ നേരിടുന്ന ആദ്യ തെരെഞ്ഞെടുപ്പായിരിക്കും ഗോവയിൽ ബിജെപി നേരിടുന്നത്.

