Friday, November 27, 2026

റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാൻ ആര്‍ഡിഒയുടെ അനുമതി

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുമതി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസിന് ആര്‍ഡിഒ അനുമതി നൽകി.

മരണത്തിൽ ദുരൂഹത ഉണ്ടായതിനെ തുടർന്ന് റിഫയുടെ കുടുംബത്തിന്റെ പരാതിയില്‍ അനുമതി ആവശ്യപ്പെട്ട് പൊലീസാണ് ആര്‍ഡിഒയെ സമീപിച്ചത്. മാത്രമല്ല ദുബായില്‍വച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല.

മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

റിഫയുടെ മരണത്തിനു കാരണം മാനസികമായും ശാരീരികമായുമുള്ള പീഡനമാണെന്ന് കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പി എ.ശ്രീനിവാസിനു പരാതി നല്‍കിയിരുന്നു. ദുബായിൽ പോസ്റ്റ്മോർട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് എസ്പിയുടെ നിര്‍ദേശ പ്രകാരം കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. 3 വര്‍ഷം മുന്‍പായിരുന്നു ഇരുവരും വിവാഹിതരായത്.

Related Articles

Latest Articles