ദില്ലി: കഴിഞ്ഞ ദിവസങ്ങളിൽ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രശസ്തരായവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മോദി@20 എന്ന പുസ്തകത്തിലാണ് പ്രശസ്തര്‍ അവരുടെ അനുഭവങ്ങള്‍ എഴുതിയിരിക്കുന്നത്.
ഇപ്പോഴിതാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മോദിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവം പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. കശ്മീരിലെ ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായുള്ള, സര്‍ജിക്കല്‍ സ്ട്രൈക്കും പുല്‍വാമ ചാവേര്‍ ആക്രമണത്തിന് മറുപടിയായിട്ടുള്ള, ബലാക്കോട്ടിലെ വ്യോമസേന ആക്രമണവും ഇന്ത്യ പാക് ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് ഡോവല്‍ അഭിപ്രായപ്പെടുന്നു.
മാത്രമല്ല ഈ സംഭവങ്ങള്‍ക്ക് ശേഷം, ഇന്ത്യയുടെ ഭീകരവിരുദ്ധ ആക്രമണങ്ങളെ ഭയന്നാണ് പാകിസ്ഥാന് ജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഗുജറാത്ത് മുഖ്യമന്ത്രിയായും, ഇന്ത്യന്‍ പ്രധാനമന്ത്രിയായും നരേന്ദ്ര മോദി അധികാരത്തില്‍ 20 വര്‍ഷം തികച്ച അവസരത്തിലാണ് മോദി@20 എന്ന പുസ്തകം പുറത്തിറങ്ങുന്നത്.