കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിലേ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനാവൂ എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്നും മമത ബാനര്‍ജി പറഞ്ഞു. ജൂലായ് 21 ന് പ്രക്ഷോഭത്തിന് തുടക്കം കുറിക്കും. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഏകമാര്‍ഗം ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങലാണെന്നും മമത പറഞ്ഞു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തി. വോട്ടിങ് യന്ത്രങ്ങള്‍ പ്രോഗ്രാം ചെയ്തിരുന്നില്ലെങ്കില്‍ ബിജെപി അധികാരത്തില്‍ വരില്ലായിരുന്നു. വോട്ടിങ് യന്ത്രങ്ങള്‍ ഇനി ഉപയോഗിക്കരുത്, ബലറ്റ് പേപ്പറുകളാണ് ഉപയോഗിക്കേണ്ടത് എന്നും മമത വ്യക്തമാക്കി.
വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യം അംഗീകരിക്കപ്പെടുമെന്ന് ഉറപ്പാണെന്നും മമത പറഞ്ഞു.

