Saturday, September 19, 2026

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്; ആദ്യ ഘട്ട വിചാരണ പൂർത്തിയായി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ ആദ്യ ഘട്ട വിചാരണ പൂർത്തിയായി. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. അയൽവാസിയായ അർജുനാണ് കേസിലെ പ്രതി. കേസിന്റെ രണ്ടാം ഘട്ട വിചാരണ ഈ മാസം 30 ന് ആരംഭിക്കും. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ഫിലിപ്പ് തോമസ് മുൻപാകെയാണ് വിചാരണ നടക്കുന്നത്.

കഴിഞ്ഞ ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഒൻപതാം തീയതിയാണ് കേസിൻറെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങിയത്. ഏഴു ദിവസം കൊണ്ട് ഒൻപതു പേരുടെ വിചാരണയാണ് പൂർത്തിയായത്.

അഡ്വക്കേറ്റ് സുനിൽ മഹേശ്വരൻ പിള്ളയെയാണ് കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. പ്രതിയ്‌ക്കെതിരെ പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ പുനപരിശോധന ഹർജി സമർപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles