Monday, October 12, 2026

ഗോതമ്പിനു പിന്നാലെ പഞ്ചസാരക്കും കയറ്റുമതി നിയന്ത്രണം വരുന്നു; ലോകം ഭക്ഷ്യക്ഷാമത്തിന്റെ വക്കിൽ; കയറ്റുമതി നിയന്ത്രണവുമായി കൂടുതൽ രാജ്യങ്ങൾ

ദില്ലി: ആറുവര്‍ഷത്തിനിടെ ഇതാദ്യമായി കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഈ സീസണിലെ കയറ്റുമതി ഒരു കോടി ടണ്ണില്‍ ഒതുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഭ്യന്തര വിലക്കയറ്റം തടയാനാണ് കയറ്റുമതി നിയന്ത്രണമെന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പഞ്ചസാര ഉത്പാദക കമ്പനികളുടെ ഓഹരി വിലയില്‍ അഞ്ചുശതമാനം ഇടിവുണ്ടായി. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന്, ലോകമെമ്പാടും ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ആഭ്യന്തര വിപണിയിലെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ നേരത്തെ തന്നെ ഗോതമ്പിൻറെ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നു

ലോകത്തെതന്നെ ഏറ്റവുംവലിയ പഞ്ചസാര ഉത്പാദക രാജ്യമാണ് ഇന്ത്യ. കയറ്റുമതിയുടെ കാര്യത്തിലാണെങ്കില്‍ ബ്രസിലിനു പിന്നില്‍ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളത്. ലോകമെമ്പാടും ഭക്ഷ്യക്ഷാമത്തിന്റെ വക്കിൽ നിൽക്കുമ്പോൾ നിരവധി രാജ്യങ്ങൾ ഭക്ഷ്യോൽപ്പന്ന കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ചിരുന്നു. സെര്‍ബിയയും കസാക്കിസ്ഥാനും ധാന്യ കയറ്റുമതിയും പരിമിതപ്പെടുത്തി. ജൂൺ ഒന്നുമുതൽ ഇറച്ചിക്കോഴിയുടെ കയറ്റുമതിയിൽ മലേഷ്യയും നിയന്ത്രമേർപ്പെടുത്തുന്നുണ്ട്.

Related Articles

Latest Articles