ദില്ലി:പതിറ്റാണ്ടുകൾക്ക് മുൻപ് കൊടുങ്കാറ്റിൽ നശിപ്പിക്കപ്പെട്ട രാമേശ്വരം-ധനുഷ്കോടി റെയിൽവേ ലൈൻ പുനർനിർമ്മിക്കാനുള്ള ആലോചനയുമായി ഇന്ത്യൻ റെയിൽവേ മന്ത്രാലയം.ഭാരതത്തിലെ നിരവധി പ്രമുഖ പ്രോജക്ടുകൾക്ക് ശേഷം ഇപ്പോൾ റെയിൽവേയുടെ പരിഗണനയിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയാണിത്.
പാമ്പൻ പാലത്തിന്റെ അറ്റത്താണ് ധനുഷ്കോടി സ്ഥിതിചെയ്യുന്നത്, ഇത് ഇന്ത്യൻ വൻകരയിൽ നിന്നും പാക് കടലിടുക്കിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. പണ്ട്, ധനുഷ്കോടിയും വൻകരയിലെ മണ്ഡപം സ്റ്റേഷനും തമ്മിൽ പാലം വഴി ബന്ധിപ്പിക്കപ്പെട്ടിരുന്നു.
1964 ഡിസംബർ 22നാണ് കൊടുങ്കാറ്റിൽ പെട്ട് രാമേശ്വരം- ധനുഷ്കോടി മേഖലകളെ ബന്ധിപ്പിച്ചിരുന്ന പാലം തകർന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ, തിരമാലകൾ 23 അടി വരെ ഉയർന്നു. ആഞ്ഞടിച്ച രാക്ഷസത്തിരമാലകളിൽ പെട്ട് പാലത്തിലൂടെ സഞ്ചരിച്ചിരുന്ന ധനുഷ്കോടി പാസഞ്ചർ കടലിൽ എറിയപ്പെട്ടു. അന്ന് അപകടത്തിൽ മരിച്ചത് 200 പേരാണ്.
അതേസമയം ഏകദേശം 700 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ പദ്ധതി നടപ്പിലാക്കാൻ ചെലവ് പ്രതീക്ഷിക്കുന്നത്. മൊത്തം 18 കിലോമീറ്റർ വരുന്ന റെയിൽപ്പാതയിൽ 13 കിലോമീറ്റർ കരയിൽ നിന്നുയർന്ന എലവേറ്റഡ് ട്രാക്കായിരിക്കും. ധനുഷ്കോടിയിൽ ടൂറിസത്തിന് വൻ സാധ്യതയുള്ളതിനാൽ, വമ്പിച്ച സ്വീകരണമായിരിക്കും പദ്ധതിക്ക് ലഭിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

