Sunday, December 21, 2025

സംസ്ഥാനത്തെ വികസനത്തിലേക്ക് കൈപിടിച്ചുയർത്താനുതകുന്ന അഭിമാന പദ്ധതികൾക്ക് ശുഭാരംഭം കുറിക്കാൻ പ്രധാനമന്തി ഇന്ന് കേരളത്തിലെത്തും; മെട്രോ ദീർഘിപ്പിക്കലും വിവിധ റെയിൽവേ പദ്ധതികളും ഉദ്ഘാടനം ചെയ്യും; ഐ എൻ എസ് വിക്രാന്ത് നാളെ രാഷ്ട്രത്തിനു സമർപ്പിക്കും; കാലടി ആദിശങ്കര ജന്മഭുമിയിലും ചരിത്ര സന്ദർശനം

കൊച്ചി: കേരളത്തെ വികസനത്തിലേക്ക് കൈപിടിച്ചുയർത്തുന്ന അഭിമാന പദ്ധതികൾക്ക് ശുഭാരംഭം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി കേരളത്തിലെത്തുന്നത്. കൊച്ചി മെട്രോ ദീർഘിപ്പിക്കലിന്റെയും കേരളത്തിലെ റെയിൽവേ വികസനപദ്ധതികളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. വൈകുന്നേരം നെടുമ്പാശ്ശേരിയിൽ നടക്കുന്ന ബി.ജെ.പി. പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും. നാളെ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ ഐ എൻ എസ് വിക്രാന്ത് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. വെള്ളിയാഴ്ച 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ. പ്രധാനമന്ത്രിയുടെ പരിപാടികളുടെ തത്സമയക്കാഴ്ച തത്വമയി നെറ്റ്‌വർക്കിൽ ഉണ്ടായിരിക്കുന്നതാണ്.

ഇന്ന് വൈകുന്നേരം നാലിന് പ്രധാനമന്ത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. സിയാൽ കൺവെൻഷൻ സെന്ററിലാണ് ദീർഘിപ്പിച്ച പേട്ട-തൃപ്പൂണിത്തുറ മെട്രോ പാതയുടെ ഉദ്ഘാടനം. എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. ഇരട്ടിപ്പിച്ച കറുപ്പന്തറ-കോട്ടയം-ചിങ്ങവനം പാതയും കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കാലടി സന്ദർശനത്തിനുശേഷം ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ ബി.ജെ.പി. സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. താജ് മലബാറിലാണ് പ്രധാനമന്ത്രിക്ക് രാത്രി താമസം ഒരുക്കിയിട്ടുള്ളത്

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.ജെ.പി. കേരള ഘടകം വ്യാഴാഴ്ച സ്വീകരണം നല്‍കും. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാലിന് വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദിയെ നേതാക്കള്‍ സ്വീകരിക്കും. കാര്‍ഗോ ടെര്‍മിനലിനടുത്ത് ഒരുക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനം മൂലം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ നഗരത്തിലും നഗരത്തിന്റെ പശ്ചിമ മേഖലകളിലും ഗതാഗത നിയന്ത്രണവും പാർക്കിങ്‌ നിരോധനവും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. ആലുവ മുതൽ ഇടപ്പള്ളി വരെയും പാലാരിവട്ടം ജങ്‌ഷൻ, വൈറ്റില, കുണ്ടന്നൂർ, തേവര ഫെറി ജങ്‌ഷൻ, ബി.ഒ.ടി. ഈസ്റ്റ്, ഐലൻഡ്‌ താജ് ഹോട്ടൽ വരെയും വെണ്ടുരുത്തി പാലം, കഠാരി ബാഗ്, തേവര ജങ്ഷൻ, രവിപുരം എന്നിവിടങ്ങളിലുമായിരിക്കും ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും.

Related Articles

Latest Articles