Wednesday, December 24, 2025

ഇലന്തൂരില്‍ ഓട്ടോ ഡ്രൈവറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം, മരണകാരണം വ്യക്തമല്ല

പത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോ ഡ്രൈവറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്തോഷ് എന്നയാളാണ് മരിച്ചത്. 48 വയസായിരുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. സന്തോഷ് രണ്ടു മാസം മുന്‍പ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

അതേസമയം, കാസർകോട് വയോധികയെ വീട്ടിനകത്ത് തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഹൈബി ഭണ്ഡാരി റോഡിലെ കെ മാലിനി (72) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയിലാണ് മാലിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തീപടർന്ന് വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അവിവാഹിതയായ മാലിനി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. വീട്ടിനകത്ത് നിന്ന് പുകപടലം ഉയരുന്നത് കണ്ട് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർടെത്തിനായി പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles