ഗാന്ധിനഗർ: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ ആപ്പ് എം എൽ എ മാരുടെ കൂറുമാറ്റം. സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന അവകാശവാദവുമായി വന്ന ആം ആദ്‌മി പാർട്ടിക്ക് അഞ്ചു സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. എന്നാൽ വിജയിച്ച അഞ്ച് എം എൽ എ മാരും ഉടൻ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹം. അഞ്ചിൽ ഒരാളായ ഭൂപത് ബയാനി ഇതിനോടകം ബിജെപിയിലേക്ക് മാറുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുഡാൻ ഗാധ്വി, സംസ്ഥാന അദ്ധ്യക്ഷൻ ഗോപാൽ ഇറ്റാലിയ തുടങ്ങിയവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ആപ്പിന്റെ മുൻനിര നേതാക്കന്മാരെല്ലാം ബിജെപി തരംഗത്തിൽ പരാജയപ്പെട്ടു. താരതമ്യേന പ്രശസ്തരല്ലാത്ത അഞ്ച് സ്ഥാനാർത്ഥികളാണ് വിജയിച്ചത്.
വിശവദർ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച ആപ്പ് എം എൽ എ ഭൂപത് ബയാനി മുൻ ബിജെപി നേതാവാണ്. പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹം തെരഞ്ഞെടുപ്പിന് തൊട്ട് മുന്നേ പാർട്ടി വിടുകയും ആപ്പ് ടിക്കറ്റിൽ മത്സരിക്കുകയുമായിരുന്നു. 65675 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥിയെ അദ്ദേഹം പരാജയപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്ത് ബിജെപി നേടിയ ചരിത്ര വിജയത്തിന് ശേഷം ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിനെയും അഭിനന്ദിച്ചിരുന്നു. മണ്ഡലത്തിലെ ജനങ്ങളോട് ആലോചിച്ച ശേഷം പാർട്ടിയിൽ ചേരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല മറ്റ് എം എൽ എ മാരും ഉടൻ ബിജെപിയിൽ ചേർന്നേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അങ്ങിനെയാണെങ്കിൽ കൂറുമാറിയവർ അയോഗ്യരാക്കപ്പെടുന്നതിലാണ് നിന്നും ഒഴിവാകുകയും ആപ്പ് സംസ്ഥാനത്ത് സംപൂജ്യരായി തീരുകയും ചെയ്യും

