കിങ്സ്റ്റൺ : കേരളത്തിൽ മാത്രമല്ല ആഗോളതലത്തിലും നിക്ഷേപ തട്ടിപ്പ് ചർച്ചയാകുന്നു.ജമൈക്കൻ വേഗ ഇതിഹാസം ഉസൈൻ ബോൾട്ടിന് തട്ടിപ്പിരയായി നഷ്ടമായത് കോടികളാണ്. കിങ്സ്റ്റണിലെ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച 12.7 മില്യൻ ഡോളർ (ഏകദേശം 97.5 കോടി രൂപ) ആണ് സൂപ്പർ താരത്തിന് നഷ്ടമായത്. 12,000 ഡോളർ മാത്രമാണ് നിലവിൽ താരത്തിന്റെ അക്കൗണ്ടിലുള്ളതെന്ന് ബോള്‍ട്ടിന്റെ അഭിഭാഷകൻ വ്യക്തമാക്കി .
വിരമിച്ചതിനു ശേഷമുള്ള വിശ്രമജീവിതത്തിനായി മാറ്റിവച്ച തുകയാണ് നഷ്ടമായത്. കമ്പനി പണം തിരികെ നൽകിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൻ പി. ഗോർഡൻ പറഞ്ഞു. നഷ്ടമായ പണം മുഴുവൻ തിരികെ ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.മൂന്ന് മാസം മുൻപ് വരെയും ബോൾട്ടിന്റെ അക്കൗണ്ടിൽ പണമുണ്ടായിരുന്നു.
2012ലാണ് ഉസൈൻ ബോള്‍ഡ് സ്ഥാപനത്തിൽ പണം നിക്ഷേപിക്കുന്നത്. ഒരിക്കൽ പോലും പണം പിന്‍വലിച്ചുമില്ല. സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് ബോൾട്ടിന്റെ പണം തട്ടിയെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. ഇയാള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുമെന്നും നിക്ഷേപക കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ജമൈക്കൻ പൊലീസും സംഭവത്തിൽ അന്വേഷണം തുടങ്ങി.

