Saturday, December 13, 2025

ആര്‍.എസ്.എസിന് താലിബാന്‍ മനോഭാവമെന്ന ജാവേദ് അക്തറിന്റെ വിവാദ പരാമര്‍ശം; പ്രവര്‍ത്തകരുടെ അന്തസിന് ക്ഷതം വരുത്തുന്നതെന്ന് കോടതി

മുംബൈ : ആര്‍.എസ്.എസിനെതിരെ പ്രശസ്ത ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍ നടത്തിയ പരാമര്‍ശം സംഘടനയുടെ പ്രവര്‍ത്തകരുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്ന് മുംബൈയിലെ പ്രിന്‍സിപ്പല്‍ കോടതി നിരീക്ഷിച്ചു. പരാമര്‍ശത്തില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടു കൊണ്ട് നേരത്തെ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ജാവേദ് അക്തര്‍ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ചിരുന്ന അഭിമുഖത്തിലാണ് ജാവേദ് അക്തര്‍ വിവാദ പരാമര്‍ശം നടത്തിയത്. അക്തറിന്റെ പ്രസ്താവന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയും അവരെ പിന്തുണക്കുന്നവരുടെയും അഭിമാനത്തിന് ക്ഷതമുണ്ടാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന് സമാനമാണ് ആര്‍.എസ്.എസ് എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം ലോകത്തിന് നല്‍കുന്നത്. ആര്‍.എസ്.എസിനെ ഇകഴ്ത്തിക്കാട്ടിയതിന് തെളിവുകളുണ്ട്,’ കോടതി വ്യക്തമാക്കി.

അക്തര്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ ലോകപ്രശസ്തനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ധാരാളം ആളുകളിലേക്കെത്തുന്നതാണെന്നും കോടതി പറഞ്ഞു.

‘കുറ്റാരോപിതന്‍ വളരെ പ്രശസ്തനായ വ്യക്തിയാണ്. ധാരാളം അനുയായികളുള്ള, രാജ്യത്ത് വളരെയധികം അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. എന്നാല്‍ താലിബാന്‍ എന്താണ് ചെയ്യുന്നതെന്ന് ലോകത്തിന് അറിവുള്ളതാണ്. അത്തരം കാര്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അക്തര്‍ അഭിമുഖത്തില്‍ സംസാരിച്ചത്, കോടതി നിരീക്ഷിച്ചു.അഭിമുഖത്തില്‍ നിന്ന് വാക്കുകള്‍ അടര്‍ത്തിയെടുത്ത് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് അക്തറിന്റെ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചത്.

അഭിമുഖം വളരെ വ്യക്തമാണെന്നും താലിബാന്റെ അപരിഷ്‌കൃതവും ക്രൂരവുമായ പ്രവര്‍ത്തികളെ സംബന്ധിച്ച് സംസാരിക്കുമ്പോള്‍ ആര്‍.എസ്.എസിനെ അതിലേക്ക് വലിച്ചിഴച്ചത് ദുരുദ്ദേശപരമാണെന്നുമാരോപിച്ചാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ സന്തോഷ് ദുബെയാണ് ജാവേദ് അക്തറിന്റെ പരാമർശത്തിനെതിരെ കോടതിയെ സമീപിച്ചത്.

Related Articles

Latest Articles