Tuesday, December 23, 2025

മര്‍ദ്ദനത്തിന് പിന്നാലെ ഗര്‍ഭം അലസി, ബിടെക് ബിരുദധാരിയായിട്ടും ജോലിക്ക് വിട്ടില്ല; നവവധുവിന്റെ ആത്മഹത്യയില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: കാച്ചാണിയിലെ നവവധുവിന്റെ ആത്മഹത്യയില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. കാച്ചാണി പമ്മത്തുമൂലയില്‍ അനുപ്രിയ എസ്. നാഥ് കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. പിന്നാലെ അനുപ്രിയയുടെ ഭർത്താവ് മനുവിനും മനുവിന്റെ മാതാപിതാക്കൾക്കുമെതിരെ പെൺകുട്ടിയുടെ വീട്ടുകാർ ആരോപണവുമായി രംഗത്ത് വന്നിരുന്നു.

ഭര്‍ത്യവീട്ടില്‍ കടുത്ത ശാരീരിക ഉപദ്രവങ്ങള്‍ക്ക് ഇരയായിരുന്നുവെന്നും സ്ത്രീധനത്തെ ചൊല്ലി പീഡനം പതിവായിരുന്നുവെന്നും അവര്‍ ആരോപിച്ചു. മര്‍ദ്ദനത്തിന് പിന്നാലെ ഗര്‍ഭം അലസി. ബിടെക് ബിരുദധാരിയായിട്ടും ജോലിക്ക് വിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് എം.മനുവിനും വീട്ടുകാര്‍ക്കുമെതിരെ കത്തെഴുതിവച്ച ശേഷമാണ് 29കാരി ജീവനൊടുക്കിയത്.

എട്ട് മാസം മുന്‍പായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശി മനുവുമായി വിവാഹം. വിവാഹം കഴിഞ്ഞ് ഒന്നരമാസമായപ്പോള്‍ മനു വിദേശത്ത് ജോലിക്ക് പോയി. ഈ സമയം അനുപ്രിയ ഗർഭിണിയായിരുന്നു. ശാരീരിക പീഡനവും മർദ്ദനവും യുവതിയുടെ ഗർഭം അലസാൻ കാരണമായി. ഇതോടെ അനുപ്രിയ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. എന്നാല്‍ മനുവും കുടുംബവും ഫോണില്‍ വിളിച്ച് ഉപദ്രവം തുടര്‍ന്നു. കല്യാണത്തിന് അഞ്ച് ലക്ഷം രൂപ ചെലവായെന്നും തെണ്ടികല്യാണം നടത്തിയെന്നും പറഞ്ഞായിരുന്നു പീഡനം. താൻ അനുഭവിച്ചതൊക്കെ എഴുതിവെച്ച ശേഷമായിരുന്നു അനുപ്രിയയുടെ ആത്മഹത്യ. ഈ കുറിപ്പ് ലഭിച്ചതോടെ ബന്ധുക്കള്‍ അരുവിക്കര പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Latest Articles