ആറന്മുള: പുണ്യപുരാതനമായ 108 വൈഷ്ണവ തിരുപ്പതികളിൽ പ്രസിദ്ധവും പ്രഥമപരിഗണനീയവുമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ആണ്ടുതോറും ആചരിച്ചുവരുന്ന വൈശാഖമാസ തീർത്ഥാടനത്തോട് അനുബന്ധിച്ച് നടന്നുവരുന്ന അഞ്ചമ്പല ദർശന നാരായണ ചൈതന്യ ഘോഷയാത്ര സമാപിച്ചു. ഇന്ന് രാവിലെ 06:30 ന് തൃപ്പുലിയൂരിൽ നിന്നാരംഭിച്ചയാത്ര തിരുവാറന്മുളയിൽ സമാപിച്ചു. തൃപ്പുലിയൂർ, തൃച്ചിറ്റാറ്റ്, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം, തിരുവാറന്മുള തുടങ്ങിയ ക്ഷേത്രങ്ങളിലാണ് അഞ്ചമ്പലദർശനം നടക്കുക.
ഇന്ന് രാവിലെ തൃപ്പുലിയൂർ മഹാവിഷ്‌ണു ക്ഷേത്രസന്നിധിയിൽ നടന്ന പാണ്ഡവീയ മഹാവിഷ്‌ണു സത്രം ചെയർമാൻ ബി രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷനായ ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഭദ്രദീപം തെളിയിച്ച് ഘോഷയാത്ര ഉദ്‌ഘാടനം ചെയ്‌തു. പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ദേവസ്വം ബോർഡ് മെമ്പർമാരായ അഡ്വ എസ്എസ് ജീവൻ, ജി സുന്ദരേശൻ, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ എസ് രാജൻ, പഞ്ചപാണ്ഡവ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

