ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ എലോൺ മസ്ക്. ‘ഞാന്‍ മോദിയുടെ ഒരു ആരാധകനാണ്’ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള എലോണ്‍ മസ്കിന്റെ പ്രതികരണം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തിയത് . പ്രധാനമന്ത്രി മോദിയെ കണ്ടതിന് ശേഷം, ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഇലോൺ മസ്ക്, അടുത്ത വർഷം രാജ്യം സന്ദർശിക്കുമെന്ന് അറിയിച്ചു.
“ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണ്. ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും കൂടുതൽ വാഗ്ദാനങ്ങൾ ഇന്ത്യക്കുണ്ടെന്ന് ഞാൻ കരുതുന്നു,” ലോട്ടെ ന്യൂയോർക്ക് പാലസ് ഹോട്ടലിൽ അദ്ദേഹം പറഞ്ഞു.
“ഇന്ത്യയ്ക്കായി നല്ലത് കാര്യം ചെയ്യാൻ അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നുവെന്ന് എനിക്ക് പറയാൻ കഴിയും. അദ്ദേഹം പുതിയ കമ്പനികളെ വരവേൽക്കാനും പിന്തുണയ്ക്കാനും ആഗ്രഹിക്കുന്നു. ഞാൻ മോദിയുടെ ആരാധകനാണ്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുമായുള്ള കൂടിക്കാഴ്ച മികച്ച അനുഭവമായിരുന്നു എന്ന് മസ്ക് വ്യക്തമാക്കി.

