തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ച പനി പടർന്നു പിടിക്കുന്നതിന് തടയിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം മൂന്ന് ലക്ഷത്തോളം പേർക്ക് പകർച്ചവ്യാധി പടർന്ന് പിടിച്ചത് ആരോഗ്യവിഭാഗത്തിൻ്റെ പിടിപ്പുകേട് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
“ഒരു മാസം കൊണ്ട് 79 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണം. ഡെങ്കുവും എലിപനിയും കേരളത്തിൽ വ്യാപകമാവുകയാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങളിലെ അലംഭാവമാണ് സ്ഥിതിഗതികൾ ഇത്രയും വഷളാക്കിയത്. മഴക്കാല രോഗങ്ങൾ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. സർക്കാർ ആശുപത്രികളിലെ സംവിധാനങ്ങളെല്ലാം അപര്യാപ്തമാണ്. കൂടുതൽ ബെഡുകളും ഡോക്ടർമാരെയും സർക്കാർ ആശുപത്രികളിൽ അനുവദിക്കണം. കൊതുക് നശീകരണം ഇനിയും നടന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ രോഗം അതിവേഗം പടർന്ന് പിടിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കേരളത്തിൻ്റെ ആരോഗ്യമന്ത്രി ഇനിയെങ്കിലും കാര്യക്ഷമമായ ഇടപെടൽ നടത്തണം. ജനജീവിതം സംരക്ഷിക്കാനാവുന്നില്ലെങ്കിൽ മന്ത്രി രാജിവെക്കണം” – കെ.സുരേന്ദ്രൻ പറഞ്ഞു.

