തിരുവനന്തപുരം: ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊടും ക്രിമിനലെന്ന് കണ്ടെത്തൽ. അറസ്റ്റിലായ പാറശ്ശാല ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജിന്റെ പേരില്‍ നിലവിലുള്ളത് ബലാത്സംഗമടക്കം നിരവധി കേസുകൾ. ക്രിസ്റ്റിൻ ആലുവയിൽ തങ്ങിയിരുന്നത് സതീശ് എന്ന വ്യാജപേരിലാണ്. തിരുവനന്തപുരത്ത് നിരവധി കേസുകളിൽ പ്രതിയായതോടെയാണ് ഇയാൾ എറണാകുളത്തേക്ക് കടന്നത്.
2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും ഒട്ടേറെ മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. 18-ാം വയസില്‍ മൊബൈല്‍ മോഷ്ടിച്ചുകൊണ്ടാണ് ക്രിസ്റ്റില്‍ രാജ് ക്രിമിനല്‍ ജീവിതത്തിന് തുടക്കമിട്ടത്. പകല്‍മുഴുവന്‍ വീട്ടില്‍ തങ്ങുന്ന ഇയാള്‍ രാത്രിസമയത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്ന് ഇയാളുടെ സമീപവാസികളും പറയുന്നു. മൊബൈല്‍ഫോണ്‍ മോഷ്ടിക്കുന്നതാണ് ക്രിസ്റ്റില്‍രാജിന്റെ ഹോബി. ഇയാളുടെ വീട്ടില്‍ മോഷ്ടിച്ചുകൊണ്ടുവന്ന നിരവധി മൊബൈല്‍ഫോണുകളുമുണ്ട്.
പകല്‍ മുഴുവന്‍ കിടന്നുറങ്ങി രാത്രി വീട്ടില്‍നിന്ന് പുറത്തുപോകുന്നതാണ് ഇയാളുടെ രീതി. നേരം പുലര്‍ന്നതിന് ശേഷമാണ് ഇയാള്‍ തിരിച്ചെത്തുന്നത്. എന്തെങ്കിലും ചോദിച്ചാല്‍ തന്നെ ചീത്തവിളിക്കുകയാണ് പതിവെന്നും അമ്മ വ്യക്തമാക്കുന്നു. ഒന്നര വർഷമായി മകൻ നാട്ടിലേക്ക് വന്നിട്ടില്ലെന്നും ഇയാൾ ലഹരിക്ക് അടിമയാണെന്നും പ്രതിയുടെ മാതാപിതാക്കൾ പറഞ്ഞു.

