Sunday, December 21, 2025

സൂര്യനിലേക്ക് ആദിത്യ എല്‍1; ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്ത് കടന്നതായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

ഇന്ത്യയുടെ സൗര നിരീക്ഷണ ദൗത്യം ആദിത്യ എൽ-1 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്നു. കൂടാതെ, ആദിത്യ എൽ-1 ലഗ്രാൻജിയൻ പോയിന്റ് ഒന്നിലേക്ക് യാത്ര ആരംഭിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി. ഇന്ന് പുലർച്ചെ ആണ് ലഗ്രാൻജിയൻ പോയിന്റ് ഒന്നിലേക്ക് ആദിത്യ എൽ-1 പ്രയാണം ആരംഭിച്ചത്.

ഭ്രമണപഥം മാറ്റുന്ന ഇന്‍സെര്‍ഷന്‍ ദൗത്യം വിജയകരമായെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. 110 ദിവസം കൊണ്ടാണ് സൂര്യന്റെ എല്‍1ന് ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തില്‍ ആദിത്യ എൽ-1 എത്തുക. ഭൗമ കാന്തിക മണ്ഡലത്തിലെ അയോണുകളും ഇലക്ട്രോണുകളും സംബന്ധിച്ച ആദിത്യ എൽ-1 നിരീക്ഷണ സംവിധാനം നടത്തിയ പരിശോധന ഫലങ്ങൾ കഴിഞ്ഞ ദിവസം ഐഎസ്ആർഒ പുറത്ത് വിട്ടിരുന്നു. സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം അടക്കമുള്ളവയെപ്പറ്റി പഠനം നടത്താന്‍ ഈ വിവരങ്ങൾ ഉപയോഗിക്കും.

അതേസമയം, ഭൂമിയുടെ ഭ്രമണപഥം വിടുന്ന അഞ്ചാമത്തെ ഐസ്ആർഒ പേടകമാണ് ആദിത്യ എൽ 1. കഴിഞ്ഞ ദിവസം സ്റ്റെപ്സ് ഉപകരണത്തിന്റെ സെൻസറുകൾ ഉപയോഗിച്ച് പേടകം സൂര്യനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയിരുന്നു. ഭൂമിയിൽ നിന്നും 50,000 കിലോമീറ്റർ അകലെയുള്ള സൂപ്പർ-തെർമൽ, എനർജിറ്റിക് അയോണുകളെയും ഇലക്ട്രോണുകളെയും കുറിച്ചാണ് ഉപകരണം വിവരങ്ങൾ ശേഖരിച്ചിരുന്നത്. ഇത് സൗരയൂഥത്തിലെ കണികകളെ കുറിച്ച് കൂടുതൽ അറിയാൻ ശാസ്ത്ര സമൂഹത്തിന് സഹായിക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles