Tuesday, December 23, 2025

ഭാരതം നിയമവാഴ്ച്ച അംഗീകരിക്കുന്ന രാജ്യം ; കാനഡയുടെ ആരോപണം ഭാരത വിരുദ്ധ പ്രവർത്തനങ്ങൾ മറച്ചു വയ്ക്കാൻ ! ഖാലിസ്ഥാൻ നേതാവിന്റെ വധത്തിൽ പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ തിരിച്ചടിച്ച് ഭാരതം

ദില്ലി: സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങൾ തള്ളി ഭാരതം. കാനഡയിലെ കൊലപാതകത്തിൽ ഭാരതത്തിന് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.

കാനഡയിൽ സംഭവിച്ച ഏതെങ്കിലുമൊരു അക്രമത്തിൽ ഭാരത സർക്കാരിന് പങ്കാളിത്തമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ തികച്ചും അസംബന്ധമാണ്. ഭാരതം ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്നുവെന്നും നിയമവാഴ്ചയിൽ പ്രതിബദ്ധതയുള്ള രാഷ്‌ട്രീയമാണ് ഭാരതത്തിന്റേതെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. കാനഡയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഖാലിസ്ഥാൻ തീവ്രവാദത്തെയും ഖാലിസ്ഥാനി ഭീകരരെയും സുരക്ഷിതമാക്കുന്നതാണ്. ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും ഭീഷണി ഉയർത്തിക്കൊണ്ട് ഖാലിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നത് കാനഡ തുടരുകയാണ്. ഇക്കാര്യത്തിൽ കനേഡിയൻ സർക്കാർ നിഷ്‌ക്രിയത്വമാണ് സ്വീകരിക്കുന്നത്. അതേസമയം, കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡയിൽ ഇടം ലഭിക്കുന്നുവെന്നത് പുതിയ കാര്യമല്ല. ഇത്തരം സംഭവങ്ങളുമായി ഇന്ത്യൻ സർക്കാരിനെ ബന്ധിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ഭാരതം ശക്തമായി എതിർക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കാനഡയുടെ വിദേശകാര്യമന്ത്രി ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഭാരതത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഖാലിസ്ഥാനി ഭീകരൻ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഭാരതത്തിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോപണത്തെ ശരിവച്ചുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ശക്തമായ ഭാഷയിൽ ഭാരതം മറുപടി നൽകിയിരിക്കുന്നത്.

അതേസമയം, ജൂൺ 18നാണ് ഖാലിസ്ഥാനി തീവ്രവാദിയായ ഹർദീപ് സിംഗ് ഗുജ്ജാർ കാനഡയിൽ വച്ച് വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളിൽ വച്ച് അജ്ഞാതരായ രണ്ടുപേർ ഹർദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായ ഹർദീപിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ കുറ്റാന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു മതപുരോഹിതനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹർദീപിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ വംശജനായ വ്യവസായി റിപുദാമൻ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസിലെ പ്രതി കൂടിയാണ് ഹർദീപ് സിംഗ് ഗുജ്ജാർ. ഇതടക്കം 10 എഫ്ഐആറുകൾ ആണ് ഹർദീപിനെതിരെയുള്ളത്.

Related Articles

Latest Articles