നാഗ്പുര്‍: ദേശിയ പൗരത്വ രജിസ്റ്ററിന്‍റെ പേരില്‍ ഉയരുന്ന കുപ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. ഒരൊറ്റ ഹിന്ദുവിനും ഇന്ത്യ വിടേണ്ടി വരില്ലെന്ന് ആര്‍ എസ് എസ് മേധാവി പറഞ്ഞു. രാജ്യത്തെ വ്യവസായ സംഘടനയായ ലഘുഉദ്യോഗ് ഭാരതിയുടെ ത്രിദിന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍ എസ് എസ് മേധാവി.അസമില്‍ ദേശിയ പൗരത്വ രജിസ്റ്റര്‍ പുതുക്കിയതിന് പിന്നാലെയാണ് മോഹന്‍ ഭാഗവതിന്‍റെ പ്രതികരണം.
ഇതരരാജ്യങ്ങളില്‍ നിന്നുള്ള പീഡനം മൂലം അഭയാര്‍ത്ഥികളായെത്തിയ ഹിന്ദുക്കള്‍ ഇന്ത്യയില്‍ തന്നെ തുടരുമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓഗസ്ത് 31നാണ് അസമിലെ പൗരത്വ രജിസ്റ്റര്‍ പുതുക്കിയത്. 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍.

