Sunday, December 14, 2025

സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങളാരംഭിച്ച് മുന്നണികൾ!ചന്ദ്രബാബു നായിഡുവിന്റേയും നിതീഷ് കുമാറിന്റെയും തീരുമാനങ്ങൾ നിർണ്ണായകമായേക്കും ; ചന്ദ്രബാബു നായിഡുവിനെ ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ ഏകദേശ രൂപം പുറത്തു വന്നതോടെ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങളാരംഭിച്ച് മുന്നണികൾ . മുന്നണിയിലെ പാർട്ടികളെ ചേർത്തുതന്നെ നിർത്താനും പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപി ശ്രമം തുടങ്ങി. സർക്കാർ രൂപീകരണത്തിനുള്ള സാധ്യത ഇൻഡി മുന്നണി നേതാക്കളും വിലയിരുത്തുന്നുണ്ട്. ആന്ധ്രാ പ്രദേശിലെ ചന്ദ്രബാബു നായിഡു, ബിഹാറിലെ നിതീഷ് കുമാർ എന്നിവരുടെ തീരുമാനം നിർണ്ണായകമാകും.

എൻഡിഎ പിന്തുണയോടെ ആന്ധ്രയിൽ മികച്ച തിരിച്ചുവരവു നടത്തിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ബന്ധപ്പെട്ടു. സർക്കാർ രൂപീകരണത്തിന് ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്ര ആഭ്യന്തര അമിത് ഷായും നായിഡുവിനെ ബന്ധപ്പെട്ടു. ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയോട് നാളെ ദില്ലിയിൽ അമിത് ഷാ നിർദ്ദേശം നൽകി.

ഇൻഡി മുന്നണിയുടെ ഭാഗമായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചു. എൻസിപി നേതാവ് ശരദ് പവാറും സർക്കാർ രൂപീകരണത്തിന് ഇൻഡി മുന്നണിക്കായി മറ്റു കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്. അദ്ദേഹം മുൻ സഹയാത്രികനും ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി സമ്പർക്കത്തിലാണ്. വൈഎസ്ആർ കോൺഗ്രസിനെക്കൂടി കൂടെക്കൂട്ടാനും അണിയറയിൽ ഇൻഡി മുന്നണി ശ്രമം നടത്തുന്നുണ്ട്.

നിലവിൽ 241 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 99 സീറ്റുകളിൽ ലീഡുമായി മുന്നേറുന്ന കോൺഗ്രസ് രണ്ടാം സ്ഥാനത്തുണ്ട്. 35 സീറ്റുകളിൽ മുന്നേറ്റം നടത്തുന്ന സമാജ്‌വാദി പാർട്ടിയാണ് മൂന്നാമത്തെ വലിയ പാർട്ടി.

Related Articles

Latest Articles