അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ചൈനീസ് നിർമ്മിത ഡ്രോണും ഹെറോയിൻ പാക്കറ്റും കണ്ടെടുത്ത് ബിഎസ്എഫ്. ഡ്രോണിൽ 420 ഗ്രാം ഹെറോയിൻ മഞ്ഞ ടേപ്പിൽ പൊതിഞ്ഞ് ഘടിപ്പിച്ച നിലയിലായിരുന്നു. മെറ്റൽ റിംഗ് ഉപയോഗിച്ചാണ് ഹെറോയിനും ഡ്രോണും ഘടിപ്പിച്ചിരുന്നത്. തിങ്കളാഴ്‌ച്ച പുലർച്ചെ 4.18 ഓടെയാണ് സംഭവമെന്ന് ബിഎസ്എഫ് പ്രസ്‌താവനയിൽ പറഞ്ഞു. ചൈനീസ് നിർമ്മിത ഡിജെഐ മാവിക്ക് 3 ക്ലാസിക് ഡ്രോൺ ആണ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച പഞ്ചാബിലെ ഫെറോസപൂർ ജില്ലയിൽ സമാന സംഭവത്തിൽ ഒരു ചൈനീസ് നിർമിത ഡ്രോണും ഒരു പിസ്റ്റളും സൈന്യം കണ്ടെടുത്തിരുന്നു. ജൂൺ 22 ന് ഫാസിൽക പ്രദേശത്ത് ബിഎസ്എഫ് ഇന്റലിജൻസിന്റെ രഹസ്യ വിവരത്തെ തുടർന്ന് പഞ്ചാബ് പോലീസുമായി നടത്തിയ തിരച്ചിലിൽ ചൈനീസ് നിർമ്മിത ഡിജെഐ മാവിക്ക് 3 ക്ലാസിക് ഡ്രോൺ സൈന്യം കണ്ടെടുത്തിരുന്നു. ഡ്രോണിനോടൊപ്പം ചുവന്ന ടേപ്പിൽ പൊതിഞ്ഞ് 520 ഗ്രാം ഹെറോയിനും സൈന്യം കണ്ടെടുത്തു.
ഇതിന് പിന്നാലെയാണ് വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തത്. അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോൺ വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നത് തടയാൻ ശക്തമായ നിരീക്ഷണവും പരിശോധനയുമാണ് അതിർത്തിരക്ഷാസേന നടത്തുന്നത്.

