Wednesday, December 24, 2025

എസ്എഫ്‌ഐയ്ക്കെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രന്‍ ; എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകരസംഘടനയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ; സിപിഎം ഒരു പാഠവും പഠിക്കുന്നില്ലെന്ന് വിമർശനം

കോഴിക്കോട് : എസ്എഫ്‌ഐ അക്രമം ക്യാമ്പസുകളില്‍ തുടര്‍ക്കഥയാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍. ക്യാമ്പസുകളില്‍ എസ്എഫ്ഐ ലക്ഷണമൊത്ത ഭീകരസംഘടനയായാണ് പ്രവർത്തിക്കുന്നത്. വിദ്യാര്‍ത്ഥികളെ മാത്രമല്ല പ്രിന്‍സിപ്പാളിനെയും അദ്ധ്യാപകരെയും അവര്‍ അക്രമിക്കുകയും ഭീഷണിയും മുഴക്കുകയും ചെയ്യുകയാണെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു.

അതേസമയം, അദ്ധ്യാപകനെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടും സര്‍ക്കാര്‍ അക്രമകാരികള്‍ക്ക് സംരക്ഷണമൊരുക്കുകയാണ്. വെറ്റിനറി കോളജിലെ വിദ്യാർത്ഥിയായ സിദ്ധാര്‍ത്ഥനെ ക്രൂരമായി കൊന്നു, കൊയിലാണ്ടിയില്‍ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയെ അക്രമിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദാരുണമായ പതനത്തില്‍ നിന്നും സിപിഎം ഒരു പാഠവും പഠിച്ചിട്ടില്ല. തെറ്റുതിരുത്തുമെന്നു പറയുന്ന പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം. തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിന് തിരിച്ചുവരാനുള്ള എന്തെങ്കിലും ലക്ഷണമുണ്ടായിരുന്നുവെങ്കില്‍ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കണമായിരുന്നുവെന്നും അവസാനത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രിമാരായിരിക്കും എംബി രാജേഷും മുഹമ്മദ് റിയാസുമെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു. അതേസമയം, കോണ്‍ഗ്രസിനെപ്പോലെ ആങ്ങള പെങ്ങളെ തീരുമാനിക്കും പോലെ കുടുംബ കാര്യമല്ല ബിജെപിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയം. അത് ആരുവേണമെന്ന് പാര്‍ട്ടി തീരുമാനിക്കും. വയനാട്ടില്‍ മത്സരം എന്‍ഡിഎയും ഇന്‍ഡി സഖ്യവും തമ്മിലായിരിക്കുമെന്നും കോണ്‍ഗ്രസിന് ഇത്തവണ വിജയം എളുപ്പമാകില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles