സിഡ്നി: കിഴക്കൻ അന്റാർട്ടിക്കയിലെ അമേരി മഞ്ഞുപാളിയിൽനിന്ന് ഭീമാകാരമായ മഞ്ഞുപാളി അടർന്നുമാറി. ഗ്രേറ്റർ ലണ്ടൻ നഗരത്തോളം വലുപ്പമുള്ള ദീർഘചതുരാകൃതിയിലുള്ള മഞ്ഞുമലയാണ് വേർപെട്ടത്.
ഡി-28 എന്നാണിതിൻ്റെ പേര്. യൂറോപ്യൻ യൂണിയൻ ഭൗമനിരീക്ഷണപദ്ധതിയുടെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഇക്കാര്യം കണ്ടെത്തിയത്.1636 ചതുരശ്ര കിലോമീറ്ററാണ് ഇതിൻ്റെ വലുപ്പമെന്ന് ഓസ്ട്രേലിയൻ അന്റാർട്ടിക് ഡിവിഷൻ അറിയിച്ചു.പൊഴിഞ്ഞ പല്ല് ’ എന്നാണ് ഡി-28-ന് നൽകിയിരിക്കുന്ന ഇരട്ടപ്പേര്. 688 അടി കനമുള്ള ഇതിൽ 34,700 കോടി ടൺ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്.
കാലാവസ്ഥാവ്യതിയാനമല്ല മഞ്ഞുമല ഇടിഞ്ഞുമാറാൻ കാരണമെന്നാണ് സംഘത്തിൻ്റെ അഭിപ്രായം. എന്നാൽ ഇത്രയും വല്യ മഞ്ഞുമല ഉരുകി തീരുമ്പോൾ സമുദ്ര ജലനിരപ്പ് ചെറിയ തോതിൽ എങ്കിലും ഉയരും എന്നത് പല താഴ്ന്ന പ്രദേശങ്ങൾക്കും ഭീഷണിയായി മാറാൻ സാധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്രജ്ഞർ പറയുന്നു.
50 വർഷത്തിനുശേഷമാണ് അമേരിയിൽനിന്ന് ഇത്രയുംവലിയൊരു മഞ്ഞുമല വേർപെടുന്നത്. അന്റാർട്ടിക്കയിലെ ഏറ്റവുംവലിയ മൂന്നാമത്തെ മഞ്ഞുപാളിയാണ് അമേരി.

