അമൃത്സര്- ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിന് ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തിൽ നിലവിലെ ചാംപ്യൻമാരായ കേരളം, ഫൈനലിൽ തമിഴ്നാടിനെയാണ് തകർത്തത്. വനിതാ വിഭാഗത്തിലാകട്ടെ നിലവിലെ ചാംപ്യൻമാരായ റെയിൽവേസിനെ മറികടന്നാണ് കേരളത്തിന്റെ കിരീടനേട്ടം.
നേരത്തെ, പുരുഷ വിഭാഗം സെമിയിൽ തുടരെ 2 സെറ്റുകൾ നഷ്ടമായ ശേഷമാണു നിലവിലെ ചാംപ്യൻമാരായ കേരളം കളിയിലേക്കു തിരിച്ചെത്തിയത്. സ്കോർ: 25-21, 21-25, 23-25, 28-26, 15-13. ടൂർണമെന്റിൽ അപരാജിതരായി മുന്നേറിയ കേരള ടീമിനു സെമിയിൽ ആ മികവു പുറത്തെടുക്കാനായില്ല. ആരാധകരുടെ ആർപ്പുവിളി പഞ്ചാബിന് ഊർജമായപ്പോൾ തുടർപ്പിഴവുകൾ കളിയിലുടനീളം കേരളത്തിനു തിരിച്ചടിയായി. ആദ്യ സെറ്റ് നേടിയത് കേരളമാണ്. പക്ഷേ തുടരെ 2 സെറ്റുകൾ നേടി തിരിച്ചടിച്ച പഞ്ചാബ്, കേരളത്തെ സമ്മർദ്ദത്തിലാക്കി. അവസാന നിമിഷങ്ങളിൽ അവസരത്തിനൊത്തുയർന്ന സാംരംഗ്, അഖിൻ ജാസ്, വിനിത് ജെറോം എന്നിവരുടെ പ്രകടനമാണു കേരളത്തെ കരകയറ്റിയത്.

