അങ്കോല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിൽ അങ്കോല രക്ഷാദൗത്യത്തിന് നിർണ്ണായക വഴിത്തിരിവ് . സൈന്യത്തെ വിളിക്കാൻ ഇന്നലെ തത്വത്തിൽ തീരുമാനമായിരുന്നു. എന്നാൽ ഇതിന് കർണ്ണാടക ചീഫ്സെക്രട്ടറിയുടെ റിപ്പോർട്ടിനു കേന്ദ്രം കാത്തുനിൽക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ റിപ്പോർട്ടിന് കാത്തുനിൽക്കാതെ രക്ഷാദൗത്യത്തിനിറങ്ങാൻ പ്രധാനമന്ത്രി സൈന്യത്തിന് നിർദ്ദേശം നൽകുകയായിരുന്നു. കേന്ദ്രമന്ത്രി സുരേഷ്ഗോപിയാണ് കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചത്. കരസേനയുടെ ബാലഗാവി യൂണിറ്റിൽ നിന്നായിരിക്കും സംഘം അങ്കോലയിലെ ഷിരൂരിൽ എത്തുക. സന്യത്തിന്റെ സഹായം ആവശ്യപ്പെട്ട് ഇന്നലെ കുടുംബം പ്രധാനമന്ത്രിക്ക് മെയിൽ അയച്ചിരുന്നു. കൂടാതെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
അതേസമയം രക്ഷാദൗത്യത്തിന് ഐ എസ് ആർ ഒ യും രംഗത്തിറങ്ങുമെന്ന് സുരേഷ്‌ഗോപി അറിയിച്ചു. ഐ എസ് ആർ ഒ യുടെ പ്രത്യേക സംഘം ഉടൻ സ്ഥലത്തെത്തും. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം കഴിഞ്ഞ ദിവസം റഡാറില്‍ പതിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലും അല്‍പ്പസമയത്തിനകം ആരംഭിക്കും. രക്ഷാദൗത്യം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തെ തടസപ്പെടുത്തുന്നുണ്ട്.

