അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് കൊലപാതക ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ പാക് പൗരൻ ന്യൂയോർക്കിൽ പിടിയിലായി. ഇയാൾക്ക് ഇറാൻ സർക്കാരുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം .
പിടിയിലായ ആസിഫ് റാസ മർച്ചൻ്റ്, ഈ വർഷം ഓഗസ്റ്റിലോ സെപ്റ്റംബറിലോ കൊലപാതകങ്ങൾ നടത്താൻ വാടക കൊലയാളികളെ അന്വേഷിച്ച് അമേരിക്ക സന്ദർശിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ, ഇറാനിലേക്ക് യാത്ര ചെയ്ത മർച്ചൻ്റ് പിന്നീട് പാകിസ്ഥാനിൽ എത്തുകയും അവിടെ നിന്ന് അമേരിക്കയിൽ വരികയുമായിരുന്നു. ആക്രമണം നടത്താൻ സഹായിക്കുമെന്ന് കരുതി മർച്ചന്റ് സമീപിച്ച വ്യക്തി പോലീസിൽ വിവരം കൈമാറിയതോടെയാണ് ഇയാൾ പിടിയിലായത്. നിരവധി കോഡുവാക്കുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായും കുറ്റപത്രത്തിലുണ്ട്
അതേസമയം കഴിഞ്ഞ മാസം പെൻസിൽവാനിയയിൽ നടന്ന പ്രചാരണ റാലിക്കിടെ ഡൊണാൾഡ് ട്രംപിനെതിരെ നടന്ന വധ ശ്രവുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. എന്നാൽ മർച്ചൻ്റിന്റെ ഹിറ്റ് ലിസ്റ്റിൽ ട്രംപും ഉൾപ്പെട്ടിരുന്നു എന്നാണ് വിവരം.
ഇറാൻ ജനറൽ സുലൈമാനിയെ കൊലപ്പെടുത്തിയതിന് അമേരിക്കൻ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാരം ചെയ്യാനുള്ള ഇറാൻ്റെ ശ്രമങ്ങളെ പ്രതിരോധിക്കാൻ അമേരിക്ക തയ്യാറാണെന്ന് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പറഞ്ഞു.
ഇറാനിൽ നിന്നുള്ള പ്രത്യക്ഷമായ പ്രതികാര ഭീഷണികൾ ഏറ്റവും മുൻഗണനയുള്ള ദേശീയ, ആഭ്യന്തര സുരക്ഷാ വിഷയമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി ചൊവ്വാഴ്ച മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

