പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് ദുരന്തമുഖത്തെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിംഗും നടത്തും.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച തെരച്ചില്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. ഞായറാഴ്ച രാവിലെ തന്നെ തെരച്ചിൽ പുനരാരംഭിക്കും.
അതേസമയം വയനാട് ഉരുള്‍പൊട്ടലുണ്ടായ ദുരന്ത സ്ഥലങ്ങള്‍ കേന്ദ്രസംഘം നേരില്‍ക്കണ്ട് വിലയിരുത്തി . കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള കേന്ദ്രസംഘമാണ് സന്ദര്‍ശനം നടത്തിയത്. ചൂരല്‍മലയും മുണ്ടക്കൈയും സന്ദര്‍ശിച്ച സംഘം രണ്ടു മണിക്കൂറോളം ദുരന്തസ്ഥലത്തു ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ദുരന്തത്തെ അതിജീവിച്ച പ്രദേശവാസികളുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംസാരിച്ചു. ലഭ്യമായ വിവരങ്ങളനുസരിച്ച് വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം വിലയിരുത്തി.

