Friday, December 12, 2025

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിയമനടപടിക്കില്ലെന്ന് സൂചന; പരാതിയില്ലെന്ന് സജി ചെറിയാൻ; പരിമിതിയുണ്ടെന്ന് എ കെ ബാലൻ; നിയമ നടപടിക്ക് ശുപാർശയില്ലെന്ന് പി രാജീവ്

തിരുവനന്തപുരം: ഇന്നലെ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങളിൽ സർക്കാർ നിയമ നടപടികളിലേക്ക് കടന്നെക്കില്ലെന്ന് സൂചന. താൻ മന്ത്രിയായിരുന്ന മൂന്നര വർഷത്തിനുള്ളിൽ ഒരു നടിയും പരാതി തന്നിട്ടില്ലെന്നും ഡബ്ള്യു സി സി ചില കാര്യങ്ങൾ പറഞ്ഞതനുസരിച്ച് സിനിമ കോൺക്ലേവ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പറയുന്നത് ഈ മേഖലയിലെ പൊതു പ്രശ്നമാണ്. നന്നായി പോകുന്ന ധാരാളം ഫിലിം സെറ്റുകളുണ്ട്. സിനിമാ മേഖലയിലെ എല്ലാവരും പ്രശ്‌നക്കാരാണ് എന്ന് പറയാനാകില്ല. പരാതിയുള്ളവർക്ക് സർക്കാരിനെയോ കോടതിയെയോ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് നിയമ നടപടികൾ സാധ്യമല്ലെന്നും ഭാവിയിൽ കുറ്റകൃത്യങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മാത്രമേ സാധിക്കുകയുള്ളൂവെന്നുമാണ് മുൻ മന്ത്രി എ കെ ബാലന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച മൊഴികളുണ്ട്. പക്ഷെ ആര് ആർക്കെതിരെ പറഞ്ഞുവെന്ന വിവരങ്ങളില്ല. ഇത് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പരിമിതിയാണ്. വിവരങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്ന ഉറപ്പിന്മേലാണ് പലരും തുറന്നു പറയാൻ തയ്യാറായത്. പരാതിയില്ലാതെ നിയമനടപടികൾ സാധ്യമല്ല. എന്നാൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി തന്നെ നിയമ നടപടികൾ ശുപാർശ ചെയ്യുന്നില്ല എന്നായിരുന്നു മുൻ മന്ത്രി പി രാജീവ് പ്രതികരിച്ചത്. നിയമ വിദഗ്ദ്ധ അദ്ധ്യക്ഷയായി സമിതി ആയിരുന്നു ഹേമ കമ്മിറ്റി. നടപടികൾ സാധ്യമായിരുന്നുവെങ്കിൽ റിപ്പോർട്ടിൽ ശുപാർശകൾ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles