Monday, December 22, 2025

പാമ്പുകടിയേറ്റ് 41കാരൻ മരിച്ചു; കടിച്ച പാമ്പ് വസ്ത്രത്തിൽ ഒളിച്ചിരുന്നത് 16 മണിക്കൂർ! പുറത്തുചാടിയത്ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ !!

പാമ്പുകടിയേറ്റ് 41 കാരൻ മരിച്ച് മണിക്കൂറുകൾക്കു ശേഷം കടിച്ച പാമ്പിനെ കണ്ടെത്തി, അതും പാമ്പുകടിയേറ്റ വ്യക്തിയുടെ വസ്ത്രത്തിനുള്ളിൽ നിന്ന് തന്നെ ! തികച്ചും അസാധാരണമായ ഒരു സംഭവത്തിനാണ് ബിഹാറിലെ ബഗുസാരായ് പ്രദേശത്തുള്ളവർ കഴിഞ്ഞ ദിവസം സാക്ഷിയായത്.

41 കാരനായ ധർമ്മവീർ യാദവ് എന്ന വ്യക്തിയാണ് പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ടത്. തന്റെ പശുക്കൾക്ക് തീറ്റ ശേഖരിക്കുന്നതിനിടെയാണ് ധർമവീറിന് പാമ്പുകടിയേറ്റത് എന്ന് കുടുംബാംഗങ്ങൾ പറയുന്നു. കടിച്ചത് പാമ്പാണെന്ന് മനസ്സിലാക്കിയ ഉടൻതന്നെ അദ്ദേഹത്തെ പ്രാദേശിക വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി. എന്നാൽ ആരോഗ്യനിലയിൽ കൂടുതൽ വഷളായതോടെ ധർമ്മവീറിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. പിന്നാലെ ധർമ്മവീർ മരണപ്പെടുകയായിരുന്നു.

എന്നാൽ കടിച്ച പാമ്പ് ധർമ്മവീറിന്റെ വസ്ത്രത്തിനുള്ളിൽ തന്നെ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. വിഷ വൈദ്യനടുത്തേക്കും പിന്നീട് ആശുപത്രിയിലേക്കുമുള്ള യാത്രയ്ക്കിടയിൽ ഒരുതവണ പോലും അത് പുറത്തേക്ക് വരികയോ അനക്കമുണ്ടാക്കുകയോ ചെയ്തില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. തൊട്ടടുത്ത ദിവസം സംസ്കാരം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. മൃതദേഹം വീട്ടിലെത്തിച്ച് ഒരു രാത്രി പിന്നിട്ടിട്ടും പാമ്പ് പുറത്തേക്ക് വന്നില്ല. സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി ജഡം ചിതയിലേക്ക് വച്ച ശേഷം ധർമ്മവീറിന്റെ മകൻ ചിതയ്ക്ക് തീ കൊളുത്തി.

തീ ആളി പടർന്നതോടെയാണ് ധർമ്മവീറിന്റെ വസ്ത്രത്തിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് ചാടിയത്. ഉടൻതന്നെ പരിസരത്തുണ്ടായവർ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു. 16 മണിക്കൂറിലധികം മരണപ്പെട്ട വ്യക്തിയുടെ വസ്ത്രത്തിനുള്ളിൽ പാമ്പ് ഒളിച്ചിരുന്നുവെന്നത് ബന്ധുക്കളെയും പ്രദേശവാശികളെയും ഞെട്ടിച്ചു. റസൽ വൈപ്പർ എന്ന പേരിൽ അറിയപ്പെടുന്ന അണലി വർഗത്തിൽപ്പെട്ട പാമ്പാണ് ധർമ്മവീറിനെ കടിച്ചത്.

Related Articles

Latest Articles