Friday, December 12, 2025

‘എന്നെ മനസിലാക്കാൻ മോദിയ്‌ക്ക് പരിഭാഷകൻ വേണ്ട’; പുട്ടിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി; വൈറലായി വീഡിയോ

കസാൻ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പുടിന്റെ ചില പരാമർശങ്ങൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മോദിയുടെ വീ‍ഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

തൻ്റെ വാക്കുകൾ മനസ്സിലാക്കാൻ മോദിക്ക് വിവർത്തനമൊന്നും ആവശ്യമില്ലെന്നും ആ രീതിയിലാണ് തങ്ങളുടെ ബന്ധമെന്നും രസകരമായ രീതിയിൽ പുടിൻ പറഞ്ഞു. ഇത് കേട്ടതോടെ മോദിയ്ക്ക് ചിരിയടക്കാനായില്ല. നേരത്തെ, റഷ്യയിലെത്തിയ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തും ഹസ്തദാനം നൽകിയുമാണ് പുടിൻ സ്വീകരിച്ചത്. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

റഷ്യയിലെത്തിയ പ്രധാനമന്ത്രി റഷ്യ-യുക്രൈൻ യുദ്ധത്തെ കുറിച്ച് സംസാരിച്ചിരുന്നു. സമാധാനവും സ്ഥിരതയും എത്രയും നേരത്തേ പുന:സ്ഥാപിക്കുന്നതിന് ഇന്ത്യ പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൻ്റെ വിഷയത്തിൽ താൻ റഷ്യയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് മോദി വ്യക്തമാക്കി. പ്രശ്‌നങ്ങൾ സമാധാനപരമായ രീതിയിൽ പരിഹരിക്കപ്പെടണമെന്നാണ് ആ​ഗ്രഹം. ഭാവിയിലേയ്ക്ക് സാധ്യമായ എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles