പാലക്കാട്: പെരിയ ഇരട്ടക്കൊലപാതകത്തിലെ ശിക്ഷാ വിധിയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. പ്രതികൾക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കുന്നതിന് പ്രോത്സാഹനമാകാതിരിക്കാൻ വധശിക്ഷയ്ക്ക് കഴിയുമായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
‘ഒരു ചെറുപ്പക്കാരനെ 47 തവണ വെട്ടി നുറുക്കിക്കൊല്ലുന്നതും, മറ്റൊരു ചെറുപ്പക്കാരനെ തലയോട്ടി വെട്ടിപ്പൊളിച്ച് കൊല്ലുന്നതും അപൂർവ്വങ്ങളിൽ അപൂർവ്വം തന്നെയാണ്. ജീവിതകാലം മുഴുവൻ ജയിലിൽ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തിൽ നീതിയായിരിക്കാം, എങ്കിലും വധശിക്ഷ തന്നെ വേണമായിരുന്നു. നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാൻ പ്രോത്സാഹനമാകാതിരിക്കാൻ ആ ശിക്ഷയ്ക്ക് കഴിയുമായിരുന്നു. കൊലയാളികളും ഭരണാധികാരികളും തമ്മിൽ വേർതിരിവില്ലാത്ത കേസിൽ അത്തരമൊരു മാതൃകയ്ക്കായി പോരാട്ടം തുടരും’- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ . കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.
2019 ഫെബ്രുവരി 17-നാണ് കൊല നടന്നത്. കാസർഗോഡ് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തുന്നത്. ബൈക്കിൽ പോകുകയായിരുന്ന ഇരുവരേയും പതിയിരുന്ന അക്രമിസംഘം വെട്ടി വീഴ്ത്തി. കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ഈ കേസ് അന്വേഷിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദ് ചെയ്ത് സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ സി.ബി.ഐ.അന്വേഷണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ശരിവെച്ച ഡിവിഷന് ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റ പത്രം നില നിര്‍ത്തുകയും ചെയ്തിരുന്നു.

