മാള: കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ വൻ സംഘർഷം. കെ എസ് യു-എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മാരകായുധങ്ങൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചത്. പരിക്കേറ്റവരിൽ പലർക്കും കമ്പി വടികൊണ്ട് അടിയേറ്റു. മത്സരങ്ങളും മത്സര ഫലങ്ങളും വൈകിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തൃശ്ശൂർ മാള ഹോളി ഗ്രെയ്സ് കോളേജിലാണ് സംഘർഷം നടന്നത്. സംഘാടകരും മത്സരാർത്ഥികളും തമ്മിലുള്ള തർക്കം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭരണം കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് നഷ്ടപ്പെട്ടിരുന്നു. അതിന്റെ ഭാഗമായിട്ട് നടന്ന ഗൂഡാലോചനയാണ് സംഘർഷത്തിന് പിന്നിലെന്ന് കെ എസ് യു ആരോപിച്ചു. എന്നാൽ കലോത്സവം നടത്താനറിയാത്ത ചില ക്രിമിനലുകളാണ് കെ എസ് യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘർഷം ഉണ്ടാക്കിയതെന്ന് എസ് എഫ് ഐ ആരോപിക്കുന്നു. പരിക്കേറ്റ കെ എസ് യു പ്രവർത്തകരെ കൊണ്ടുപോയ ആംബുലൻസ് വഴിയിൽ തടഞ്ഞ് സിപിഎം ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

