തിരുവനന്തപുരം: മഹാകുംഭമേളയിൽ മഹാമണ്ഡലേശ്വരായി അഭിഷിക്തനായ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന് ആദരവുമായി തിരുവനന്തപുരത്തെ പൗരാവലി. ഈ മാസം 21 ന് കോട്ടയ്ക്കകം ലെവീ ഹാളിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ വച്ചാകും അദ്ദേഹത്തെ ആദരിക്കുക.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെയും, തലസ്ഥാനത്തെ മുതിർന്ന സന്യാസി ശ്രേഷ്ഠൻമാരും ചടങ്ങിൽ സന്നിഹിതരാകും. ഭാരതത്തിലെ ഏറ്റവും പ്രാചീനവും വലുതുമായ നാഗ സന്ന്യാസി സമൂഹമായ ശ്രീ പംച് ദശനാം ജൂനാ അഖാഡയുടെ മഹാ മണ്ഡലേശ്വറായി സ്വാമി ആനന്ദവനം ഭാരതിയെ പ്രയാഗ്‌രാജ് കുംഭമേളയിൽ വെച്ച് ജനുവരി 27 നാണ് അഭിഷേകം ചെയ്യപ്പെട്ടത്.
അഖാഡയുടെ സഭാപതി ശ്രീ മഹന്ത് പ്രേംഗിരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദഗിരിയാണ് അഭിഷേകച്ചടങ്ങുകൾ നിർവഹിച്ചത്.
50 വർഷം മുൻപ് സ്വാമി കാശികാനന്ദഗിരി മഹരാജ് അടക്കമുള്ള മൂന്നു മലയാളികൾ നിരഞ്ജിനി അഖാഡയുടെ മഹാ മണ്ഡലേശ്വർ പദവിയിൽ എത്തിയിരുന്നു. അതിന് ശേഷം ഈ ബഹുമാന്യ പദവിയിൽ എത്തുന്ന കേരളത്തിൽനിന്നുള്ള ആദ്യ മഹാ മണ്ഡലേശ്വറാണ് തൃശ്ശൂർ സ്വദേശിയായ സ്വാമി ആനന്ദവനം ഭാരതി. അഖാഡകൾക്ക് ധാർമ്മിക ഉപദേശം നൽകുകയാണ് മഹാമണ്ഡലേശ്വർമാരുടെ കർത്തവ്യം.
ശ്രീ പംച് ദശനാം ജുനാ അഖാഡയുടെ സഭാപതി ഹേമന്ദ് മോഹൻ ഭാരതി മഹാരാജ്, കൂടാതെ, മഹന്ത് പരമേശ്വര ഭാരതി, മഹന്ത് അവന്തികാ ഭാരതി, മഹന്ത് ഓം ഭാരതി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കാനെത്തുന്നുണ്ട്.
പൂർവ്വാശ്രമത്തിൽ തൃശൂർ സ്വദേശിയായ സാധു ആനന്ദവനം ഭാരതി മഹാരാജ് 2007 മുതൽ ജുന അഖാഡയുടെ ഭാഗമായി പ്രവർത്തിക്കുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും, കേരള പ്രസ് അക്കാദമിയിൽ നിന്ന് ഗോൾഡ് മെഡലോടെ ജേണലിസവും പാസായ ശേഷം ഒരു പ്രമുഖ മലയാള ദിനപത്രത്തിൽ അദ്ദേഹം പത്രപ്രവർത്തകനായിരുന്നു.
മാർച്ച് 18ാം തീയതി കൊച്ചി എയർപോർട്ടിൽ എത്തുന്ന അദ്ദേഹം അന്ന് രാവിലെ ശങ്കരാചാര്യരുടെ ജന്മഗേഹമായ കാലടി സന്ദർശിച്ചതിന് ശേഷം തൃശൂരിലേക്ക് തിരിക്കും. 19-ാം തീയതി വൈകുന്നേരം 5 മണിക്ക് വടക്കുംനാഥ ക്ഷേത്രത്തിലുള്ള പരിപാടിയിൽ അദ്ദേഹം സ്വീകരണം ഏറ്റുവാങ്ങുന്നതാണ്. അതിന് ശേഷമാണ് അദ്ദേഹം തലസ്ഥാനത്ത് എത്തുക.
ജൂനാ അഖാഡയുടെ കേരളത്തിലെ ശാഖയായ കാളികാപീഠാധിപതിയും സംസ്ഥാനത്തെ ആദ്യ ആശ്രമമായ കൊട്ടാരക്കര അവധൂതാശ്രമത്തിലെ ഉത്തരാധികാരിയുമാണ് സ്വാമി.
കുംഭമേളയിൽ 13 അംഗീകൃത അഖാഡകളാണുള്ളത്. ശങ്കരാചാര്യർ സ്ഥാപിച്ച ഏഴ് ശൈവ അഖാഡകളിലായി ദശനാമി സന്യാസിമാർ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ജുന (ഭൈരവ്), നിരഞ്ജനി, അടൽ, ആവാഹൻ, ആനന്ദ്, അഗ്നി, മഹാനിർവാണി എന്നിവയാണ് ഈ അഖാഡകൾ . ഇതിൽ ജുന അഖാഡയാണ് ഏറ്റവും പുരാതനവും വലുതും.കുംഭമേളയിൽ പ്രധാന പങ്ക് വഹിക്കുന്ന ജുന അഖാഡയുടെ ആസ്ഥാനം വാരണാസിയാണ്
കഴിഞ്ഞ മഹാ കുംഭമേളയിൽ മലയാളികൾക്കായി സ്വാമി ആനന്ദവനം ഭാരതിയുടെ നേതൃത്വത്തിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഏകദേശം മൂന്നര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിൽ മലയാളികൾ ദിവ്യ സ്നാനം നടത്താൻ എത്തിയതായി കരുതപ്പെടുന്നു

