മാവേലിക്കര: പെരിങ്ങേലിപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ആനക്കൊട്ടിലിന്റെ സമർപ്പണം നടന്നു. ചടയമംഗലം ജ്ഞാനാനന്ദാശ്രമത്തിലെ സ്വാമി ദയാനന്ദ സരസ്വതിയാണ് സമർപ്പണ കർമ്മം നിർവ്വഹിച്ചത്. ശ്രീഭുവനേശ്വരി ക്ഷേത്രം ട്രസ്റ്റാണ് ആനക്കൊട്ടിൽ നിർമ്മിച്ചത്. ശ്രീകോവിലിൽ നിന്ന് കൊണ്ടുവന്ന ദീപം നിലവിളക്കിലേക്ക് പകർന്നാണ് ആനക്കൊട്ടിൽ സമർപ്പണം നടന്നത്. തുടർന്ന് നടന്ന സമ്മേളനം സ്വാമി ദയാനന്ദ സരസ്വതി ഉദ്‌ഘാടനം ചെയ്‌തു.
ശ്രീഭുവനേശ്വരി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റീ എ കെ രഘുനാഥൻ പിള്ള അദ്ധ്യക്ഷനായ സമ്മേളനത്തിൽ ഭാഗവതാചാര്യൻ പള്ളിപ്പാട് ശിവദാസൻ സ്വാമി മുഖ്യപ്രഭാഷണം നടത്തി. തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള, ചെങ്ങന്നൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ കെ രാജേഷ്, ഹൈക്കോടതി അഭിഭാഷകൻ പി വി ഉണ്ണികൃഷ്ണപിള്ള, പ്രസിദ്ധ മൃദംഗവാദകൻ ഇലഞ്ഞിമേൽ പി സുശീൽ കുമാർ. എം രാജഗോപാൽ, ടി കെ രഘുനാഥൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
കേരളീയ പാരമ്പര്യ തച്ചു ശാസ്ത്രമനുസരിച്ചാണ് ആനക്കൊട്ടിലിന്റെ നിർമ്മാണം. 16 അടി ഉയരമുള്ള പടുകൂറ്റൻ കരിങ്കൽ തൂണുകളിൽ തടികൊണ്ടുള്ള മേൽക്കൂരയാണ് ആനക്കൊട്ടിലിനുള്ളത്. തറയിൽ പാകിയിരിക്കുന്നതും കരിങ്കൽ പാളികളാണ്. 1400 അടി ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പെരിങ്ങേലിപ്പുറത്തെ ഗജരാജന് ആനക്കൊട്ടിലൊരുങ്ങിയത്.

