തൃശ്ശൂർ: ജോലിത്തട്ടിപ്പിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജെയിൻ നാട്ടിൽ മടങ്ങിയെത്തി. മടങ്ങിയെത്താനായതിൽ ആശ്വാസമുണ്ടെന്നും കൂടെയുണ്ടായിരുന്ന രണ്ടുപേർ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നും ജെയിൻ പറഞ്ഞു.
ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജെയിൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ നിന്ന് പുറത്തു വിട്ട വീഡിയോയിലൂടെയാണ് ജെയിനിന്റെ അവസ്ഥ നാട്ടിലറിഞ്ഞത്. റഷ്യൻ ആർമിയുമായുള്ള ഒരു വർഷത്തെ കരാർ ഈ മാസം 14ന് അവസാനിച്ചുവെന്നും തന്റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യതയുണ്ടെന്നും ജെയിൻ കുടുംബത്തെ അറിയിച്ചിരുന്നു.
ജെയിന്റെ കൂടെയുണ്ടായിരുന്ന സന്ദീപ്, ബിനിൽ എന്നീ യുവാക്കൾ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ജെയിന് പരിക്കേൽക്കുന്നതിന് ഒരു ദിവസം മുമ്പാണ് ബിനിൽ കൊല്ലപ്പെടുന്നത്. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലിന്റെയും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യന്റെ ജോലി വാഗ്ദാനം ചെയ്താണ് ഇരുവരേയും കൊണ്ടുപോയത്.

