ശ്രീനഗർ : പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്കെതിരെ നടന്ന ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും പാക് ഭീകരസംഘടന ലഷ്‌കറെ തൊയ്ബയുടേയും സംയുക്ത ഇടപെടൽ ഉണ്ടായെന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ട്.
ഐഎസ്‌ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് വിനോദസഞ്ചാരികള്‍ക്കുനേരെ ആക്രമണം നടത്താനുള്ള ഗൂഢാലോചന ലഷ്‌കറെ തൊയ്ബ ഭീകരർ നടത്തിയതെന്നാണ് വിവരം. പാകിസ്ഥാനിലെ ലഷ്‌കറെ തൊയ്ബയുടെ ആസ്ഥാനത്തുവെച്ചാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്. ആക്രമണത്തില്‍ മുഖ്യപങ്കുവഹിച്ച ഹാഷ്മി മൂസ (സുലൈമാന്‍), അലി ഭായി (തല്‍ഹ ഭായി) എന്നീ ഭീകരര്‍ പാക് പൗരന്മാരാണ്. ആക്രമണത്തെ തുടര്‍ന്ന് കസ്റ്റഡിലെടുത്തവരെ ചോദ്യം ചെയ്തതില്‍നിന്ന് ഈ രണ്ട് ഭീകരരും പാകിസ്ഥാനിലെ ലഷ്‌കറെ തൊയ്ബ പ്രവര്‍ത്തകരുമായി നിരന്തര ആശയവിനിമയം പുലര്‍ത്തിയിരുന്നതായും പദ്ധതി നടപ്പാക്കുന്നതിനുള്ള സമയം, ആയുധങ്ങള്‍, പദ്ധതി നടപ്പാക്കല്‍ എന്നിവയെ കുറിച്ച് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. ഭീകരാക്രമണത്തിനടുത്ത ദിവസങ്ങളില്‍ ബൈസരണ്‍ പ്രദേശത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗം വര്‍ധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങളും ശേഖരിച്ചുവരികയാണ്.
എന്‍ഐഎ ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ ഇതിനകം 2,800-ലേറെ പേരെ ചോദ്യം ചെയ്തു. 150-ഓളം പേര്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. നാലിടങ്ങള്‍ ആക്രമണത്തിനായി ലക്ഷ്യമിട്ടെങ്കിലും സുരക്ഷാസംവിധാനങ്ങള്‍ താരതമ്യേനെ കുറഞ്ഞ മേഖലയായ ബൈസരണ്‍ തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

