ഇന്ത്യ – പാക് സംഘർഷത്തിൽ പാകിസ്ഥാന്റെ വ്യാജ അവകാശവാദങ്ങൾ തെളിവുകൾ നിരത്തി പൊളിച്ച് സേനാനിലപാട് വ്യക്തമാക്കിയ നാവികസേനാ ഉദ്യോഗസ്ഥൻ കമ്മഡോർ രഘു ആർ. നായർ കേരളക്കരയുടെയും അഭിമാനം. ശനിയാഴ്ച വെടിനിർത്തൽ നിലവിൽവന്ന ശേഷം നടന്ന വാർത്താസമ്മേളനത്തിൽ വിങ് കമാൻഡർ വ്യോമികാ സിങ്ങിനും കേണൽ സോഫിയാ ഖുറേഷിക്കുമൊപ്പം പങ്കെടുത്ത് ശ്രദ്ധാകേന്ദ്രമായ രഘു ആർ. നായർ തിരുവനന്തപുരത്തുകാരനാണ്.
നേവൽ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയശേഷം 1999 മുതൽ നാവികസേനയുടെ ഭാഗമായ രഘു ആർ. നായർ വഴുതക്കാട് ആകാശവാണി റോഡിൽ സഹാനയിൽ സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായിരുന്ന പരേതനായ രാമചന്ദ്രൻ നായരുടെയും ഉഷാനായരുടെയും മകനാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദപഠനത്തിനിടെയാണ് നേവൽ അക്കാദമിയിൽ ചേരുന്നത്. മഹാത്മാഗാന്ധിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള ഏക മലയാളിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യ സെക്രട്ടറിയുമായിരുന്ന ബാരിസ്റ്റർ ജി.പി. പിള്ളയുടെ പ്രപൗത്രിയാണ് രഘുവിന്റെ അമ്മ ഉഷാനായർ. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ സി.പി. രാമകൃഷ്ണപിള്ള മുത്തച്ഛനാണ്. പഞ്ചാബ് സ്വദേശിയായ പൂജയാണ് ഭാര്യ. കൊൽക്കത്ത ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് ചെന്നൈയുടെ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മ്യാന്മറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ ഇന്ത്യൻ നാവികസേനയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ഓപ്പറേഷൻ ബ്രഹ്മയിൽ നിർണായക നേതൃത്വപരമായ പങ്ക് വഹിച്ചു. ക്യാപ്റ്റനെന്ന നിലയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്ന സൈനികസംഘത്തിൽ അംഗമായിരുന്നു.
കർത്തവ്യത്തോടുള്ള സമർപ്പണത്തിനും വിശിഷ്ട സേവനത്തിനും 2025 ലെ റിപ്പബ്ലിക് ദിനത്തിൽ രാജ്യം അദ്ദേഹത്തെ നാവോ സേന മെഡൽ നൽകി ആദരിച്ചു.

