ചെന്നൈ: യാത്രയയപ്പ് യോഗത്തിനിടെ വിങ്ങിപ്പൊട്ടി ഇന്ത്യയുടെ അഭിമാനമായ കായികതാരം ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍. 41 വര്‍ഷത്തെ സേവനത്തിനുശേഷമാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെജനറല്‍ മാനേജര്‍ പദവിയില്‍ നിന്ന് ഷൈനി വിൽസൺ വിരമിക്കുന്നത്. 1984 മാര്‍ച്ച് 16-ന് പതിനെട്ടാം വയസ്സില്‍ ക്ലാര്‍ക്കായാണ് താരം എഫ്‌സിഐയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇന്ന് ചെന്നൈയിലെ ഹോട്ടലില്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പിലാണ് ഷൈനി സംസാരം തുടരാനാകാതെ വിങ്ങിപ്പൊട്ടിയത്. എല്ലാവര്‍ക്കും ഒറ്റവാക്കില്‍ നന്ദിപറഞ്ഞ് ഷൈനി മറുപടി പ്രസംഗം അവസാനിപ്പിച്ചപ്പോൾ സദസ്സ് വികാരനിര്‍ഭരമായി. തൊടുപുഴ സ്വദേശിയായ ഷൈനി വില്‍സണ്‍ തുടര്‍ച്ചയായി നാല് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുള്ള കായികതാരമാണ്.1992-ല്‍ ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ ദേശീയ പതാകയേന്തിയ ആദ്യ ഇന്ത്യന്‍ വനിതയായി. 75 രാജ്യാന്തര മീറ്റുകളില്‍ മത്സരിച്ചു. എണ്‍പതിലേറെ രാജ്യാന്തര മെഡലുകള്‍ സ്വന്തമാക്കി. അര്‍ജുന, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ തൊടുപുഴ വഴിത്തല കുരിശിങ്കല്‍ എബ്രാഹമിന്റെയും മറിയാമ്മയുടെയും മകളായി 1965 മേയ് എട്ടിനായിരുന്നു ജനനം. പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റില്‍ വ്യക്തിഗത ചാമ്പ്യനായതിനു പിന്നാലെ എഫ്‌സിഐയില്‍ ക്ലാര്‍ക്കായി നിയമനം കിട്ടി. തുടര്‍ന്ന് പ്രമോഷനുകള്‍ ലഭിച്ചു.

