അമേരിക്കയിൽ ഒരു ഇന്ത്യൻ സ്ത്രീ വസ്ത്രങ്ങൾ മോഷ്ടിക്കുന്നതിനിടെ പിടിയിലായി എന്ന തലക്കെട്ടിൽ ഒരു സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ വീഡിയോയാണെന്ന സ്ഥിരീകരണവുമായി സൈബർ വിദഗ്ദർ. പ്രചരിക്കുന്ന വീഡിയോ മെക്സിക്കോയിൽ നിന്നുള്ളതാണെന്നും മെക്സിക്കോയിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണത്തിന് പിടിയിലായ ഒരു മെക്സിക്കൻ യുവതിയുടേതാണെന്നും കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിൽ ഇന്ത്യക്കാരിയാണെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയെ ഒരു കടയിലെ ജീവനക്കാർ പിടികൂടുന്നത് കാണാം. ജീവനക്കാർ ദൃശ്യങ്ങൾ റെക്കോർഡുചെയ്യുമ്പോൾ, സ്ത്രീ തന്റെ ടോപ്പിന്റെ അടിയിൽ നിന്ന് മോഷ്ടിച്ച വസ്ത്രങ്ങൾ നീക്കം ചെയ്യുന്നതും കാണാം.
അനന്യ അൽവാനി എന്ന ഇന്ത്യൻ യുവതി തന്റെ വസ്ത്രത്തിനുള്ളിൽ ഒരു ലക്ഷം രൂപയിലധികം വിലവരുന്ന വസ്ത്രങ്ങൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചുവെന്നും യുവതി തന്റെ കുടുംബാംഗങ്ങളെ കാണാനാണ് അമേരിക്കയിൽ എത്തിയതെന്നുമായിരുന്നു പ്രചാരണം.അമേരിക്കൻ സംസ്ഥാനമായ ഇല്ലിനോയിസിലെ ഒരു ടാർഗെറ്റ് സ്റ്റോറിൽ നിന്ന് 1300 ഡോളർ മോഷ്ടിച്ചതിന് അനന്യ അൽവാനി, അല്ലെങ്കിൽ ജിമിഷ അവ്‌ലാനി എന്ന ഇന്ത്യൻ സ്ത്രീ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ പ്രചരിക്കുന്ന വൈറൽ ക്ലിപ്പ് മെക്സിക്കോയിലെ ഒരു കടയിൽ നിന്നുള്ളതാണ്, യഥാർത്ഥ സംഭവത്തിന്റേതല്ല.

