തിരുവനന്തപുരം : സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം ഓസ്ട്രേലിയയിലേക്ക് പറന്നു. യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പിന്നാലെ ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി വിമാനത്തിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടു. രാവിലെ 10.45 ഓടെയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ വിമാനത്താവളം ലക്ഷ്യമാക്കി വിമാനം ടേക്ക് ഓഫ് ആയത്.
ബ്രിട്ടൻ്റെ അഭിമാനമായ എഫ് 35 ബി ക്ക് ഇവിടെ ആതിഥേയത്വം നൽകിയതിനു പുറമേ തൻ്റെ സുഹൃത്തു ക്കൾക്കും വേണ്ട എല്ലാ സൗകര്യമൊരുക്കിയതിന് വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ മാർക്ക് നന്ദി പറഞ്ഞു രാവിലെ വിമാനത്തിൽ കയറുന്നതിന് മുൻപ് വിമാനത്തെ അറ്റകുറ്റ പണിക്കായി ഹാങ്ങറിൽ എത്തിച്ചിരുന്ന ബേർഡ് എന്ന കമ്പനിയുടെ ജിവനക്കാർക്കും ക്യാപ്ടൻ തൻ്റെ സല്യൂട്ട് നൽകി. ” ഇന്ത്യ നൽകിയ സേവനവും ആതിഥേയത്വവും മഹത്തരം” എന്നാണ് ക്യാപ്ടൻ മാർക്ക് പറഞ്ഞത് ‘
കഴിഞ്ഞ മാസം 14 രാത്രി 9.30- ന് അറബിക്കടലിലെ സൈനിക അഭ്യാസത്തിനിടെ കടലിൽ നങ്കൂരമിട്ടിരുന്ന ബ്രിട്ടൻ്റെ വിമാനവാഹിനി കപ്പലായ എച്ച് എം എസ് എന്ന കപ്പലിൽ ഇറങ്ങാനായി ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് വിമാനത്തിന് ഇറങ്ങാനായിരുന്നില്ല. ഇതേ തുടർന്നാണ് വിമാനത്തെ തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടത്. 4000 കിലോ ഇന്ധനം നിറച്ച് പുറപ്പെടാൻ തയ്യാറപ്പോഴായിരുന്നു ഹൈഡ്രോളിക് സംവിധാനത്തിനും ഓക്സി ലയറി പവർ യൂണിറ്റിനും തകരാർ ഉള്ളതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കപ്പലിൽ നിന്ന് ഹെലികോപ്ടറിൽ വിദഗ്ധർ എത്തിയിരുന്നുവെങ്കിലും തകരാർ പരിഹരിക്കാൻകഴിഞ്ഞിരുന്നില്ല. പിന്നീട് വിദഗ്ധ സംഘമെത്തിയാണ് തകരാർ പരിഹരിക്കാനായി ചാക്കയിലെ ഹാങ്ങർ യൂണിറ്റിലേക്ക് മാറ്റിയത്.

