ഹൈദരാബാദ്: അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകള്‍ പ്രചരിപ്പിച്ചെന്ന കേസിൽ നടന്മാരായ റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് എന്നിവര്‍ക്ക് നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) . ഹൈദരാബാദിലെ ഇഡി ഓഫീസിന്റേതാണ് നടപടി. ജംഗ്ലീ റമ്മി, ജീത് വിന്‍, ലോട്ടസ്365 എന്നീ വാതുവെപ്പ് ആപ്പുകളെ നടന്മാര്‍ പിന്തുണച്ചുവെന്നാണ് ആരോപണം. നടന്മാര്‍ക്കും ഏതാനും സെലിബ്രിറ്റികള്‍ക്കുമെതിരേ അഞ്ചോളം കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസില്‍ സ്വമേധയാ ഇടപെട്ടത്.
റാണ ദഗ്ഗുബാട്ടിയോട് ജുലൈ 23-ന് ഹൈദരാബാദിലെ ഇഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രകാശ് രാജിനോട് 30-നും വിജയ് ദേവരകൊണ്ടയോട് ഓഗസ്റ്റ് ആറിനും ഹാജരാവാന്‍ ആവശ്യപ്പെട്ടു.
നടന്‍ മോഹന്‍ബാബുവിന്റെ മകളും വിഷ്ണു മഞ്ചുവിന്റെ സഹോദരിയുമായ ലക്ഷ്മി മഞ്ചുവിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധനേടിയ നടിയാണ് ലക്ഷ്മി മഞ്ചു.

