ഗുവാഹത്തി: സമീപകാലത്ത് പുറത്തിറങ്ങിയ ‘രുദ്ര’ എന്ന സിനിമയിലൂടെ വൻ പ്രേക്ഷക പിന്തുണ നേടിയ അസമീസ് നടി നന്ദിനി കശ്യപിനെ ഹിറ്റ് ആൻഡ് റൺ കേസിൽ ഗുവാഹത്തി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 21 വയസ്സുകാരനായ വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഗുവാഹത്തി പോലീസ് അറിയിച്ചു.ജാമ്യമില്ലാ വകുപ്പായ കൊലപാതകത്തിന് തുല്യമായ കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ നടിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ജൂലൈ 25-ന് പുലർച്ചെ മൂന്നോടെ ഗുവാഹത്തിയിലെ ദഖിൻഗാവോൺ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. അപകടത്തിൽപ്പെട്ടയാൾ നൽബാരി പോളിടെക്നിക്കിലെ വിദ്യാർത്ഥിയും ഗുവാഹത്തി മുനിസിപ്പൽ കോർപ്പറേഷനിൽ (ജിഎംസി) പാർട്ട് ടൈം ജീവനക്കാരനുമായ സാമിയുൾ ഹഖ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ലൈറ്റ് പ്രോജക്റ്റിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാമിയുളിനെ, അതിവേഗത്തിലെത്തിയ നടി കശ്യപ് ഓടിച്ച സ്കോർപിയോ കാർ ഇടിച്ചിടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടശേഷം പരിക്കേറ്റ വിദ്യാർത്ഥിയെ സഹായിക്കാൻ നിൽക്കാതെ നടി വാഹനം നിർത്താതെ ഓടിച്ചു പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാമിയുൾ ഹഖ് കഴിഞ്ഞ ദിവസം രാത്രി മരണത്തിന് കീഴടങ്ങി. അപകടശേഷം വാഹനത്തെ പിന്തുടർന്ന് പോയ സാമിയുളിന്റെ സഹപ്രവർത്തകർ, കാഹിലിപ്പാറയിലെ ഒരു അപ്പാർട്ട്മെന്റിൽ നടി തന്റെ കാർ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരും നടിയുമായി വാക്കുതർക്കത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
നേരത്തെ, പോലീസ് നന്ദിനി കശ്യപിന്റെ കാർ കണ്ടെടുക്കുകയും സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്ന് കേസിൽ തനിക്ക് പങ്കില്ലെന്നാണ് അവർ വാദിച്ചിരുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള സാമിയുൾ ഹഖ്, ജിഎംസിയിലെ പാർട്ട് ടൈം ജോലിയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് തന്റെ പഠനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. വിദ്യാർത്ഥിക്ക് തലയ്ക്ക് ഗുരുതരമായ പരിക്കുകളും, ഇരുകാലുകളിലും ഒന്നിലധികം ഒടിവുകളും, തുടയെല്ലിനും കൈയ്ക്കും പൊട്ടലുകളും സംഭവിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമിയുളിനെ പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി ഐസിയുവിൽ വെച്ചാണ് മരണം സംഭവിച്ചത്. സാമിയുളിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുക്കാമെന്ന് നന്ദിനി കശ്യപ് ആദ്യം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് സഹായിക്കാൻ എത്തിയില്ലെന്നും കുടുംബം ആരോപിച്ചു.

