ദില്ലി : ഹിന്ദുക്കള്‍ക്ക് ഒരിക്കലും ഭീകരവാദികളാകാന്‍ കഴിയില്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തനിക്കത് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയില്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ വിമര്‍ശിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. ബിജെപിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കും പ്രീണന രാഷ്ട്രീയവുമാണ് രാജ്യത്ത് ഭീകരവാദം പടരാന്‍ കാരണമായതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.
‘ആരാണ് ഹിന്ദു ഭീകരവാദത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്? ഒരു ഹിന്ദുവിനും ഒരിക്കലും ഭീകരവാദിയാകാന്‍ കഴിയില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. ചിദംബരം ഓപ്പറേഷന്‍ സിന്ദൂറിനെ ചോദ്യം ചെയ്തു. പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ പാക് ഭീകരര്‍ തന്നെ ആണോ എന്ന് അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ചു. ഇന്ന്, എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുണ്ട്, ആരെയാണ് അദ്ദേഹം സംരക്ഷിക്കാന്‍ ശ്രമിച്ചത്? പാകിസ്ഥാനെയോ ? ലഷ്‌കര്‍-ഇ-തൊയ്ബയെയോ? അതോ ഭീകരരെ തന്നെയോ? നിങ്ങള്‍ക്ക് നാണമില്ലേ?’
ദൈവാനുഗ്രഹം കൊണ്ട്, ചിദംബരം ഈ ചോദ്യങ്ങള്‍ ഉന്നയിച്ച അതേ ദിവസം തന്നെ മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. ഭീകരവാദത്തെക്കുറിച്ച് ബിജെപിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കും പ്രീണന രാഷ്ട്രീയവുമാണ് രാജ്യത്ത് ഭീകരവാദം പടരാന്‍ കാരണം. മതത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷനുകള്‍ക്ക് പേരിടുന്നതല്ലാതെ സര്‍ക്കാരിന് മറ്റൊന്നും അറിയില്ല എന്ന് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. എന്നാല്‍ ‘ഹര്‍ ഹര്‍ മഹാദേവ്’ ഒരു മതപരമായ മുദ്രാവാക്യം മാത്രമല്ലെന്ന് കോണ്‍ഗ്രസ്സ് മനസ്സിലാക്കുന്നില്ല… അവര്‍ എല്ലാത്തിനെയും ഹിന്ദു-മുസ്ലിം കോണിലൂടെയാണ് കാണുന്നത്.’- അമിത് ഷാ പറഞ്ഞു.

