ദില്ലി : റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തതിന് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ ഡൊണാൾഡ് ട്രമ്പിന്റെ പ്രഖ്യാപനത്തിന് കനത്ത തിരിച്ചടി നൽകാനൊരുങ്ങി ഭാരതം. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കുമെന്നാണ് വിവരം.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഭാരതത്തിന് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രമ്പിന്റെ ഉത്തരവ് പുറത്തുവന്നത്. എന്നാൽ നാലു ദിവസത്തിനിപ്പുറവും ഇത് പിൻവലിക്കണമെന്ന ആവശ്യവുമായി ഭാരതം അമേരിക്കൻ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. ദേശീയ താത്പര്യം ഉയർത്തിക്കാട്ടി അമേരിക്കൻ നീക്കത്തെ നേരിടും എന്ന സന്ദേശമാണ് ഇതിലൂടെ ഭാരതം നൽകിയത്. അമേരിക്കൻ ഉത്പന്നങ്ങൾക്കും ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.
അമേരിക്കയിൽ നിന്നുള്ള അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനത്തിന് മുകളിൽ തീരുവ ഏർപ്പെടുത്താനുള്ള ശുപാർശ കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലോകവ്യാപാര കരാറിൻറെ ലംഘനമാണ് അമേരിക്ക നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഇതിനകം ഇന്ത്യ പരാതി നല്കിയിട്ടുണ്ട് എന്നാണ് സൂചന. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന തുണിത്തരങ്ങൾക്കും തീരുവ കുത്തനെ ഉയർത്താനുള്ള നിർദേശവും പരിഗണനയിലാണ്.

