Wednesday, December 17, 2025

ശബരിമല ഭക്തരുടെ വികാരം വൃണപ്പെടുത്തിയെന്ന പരാതി ! രഹ്ന ഫാത്തിമക്കെതിരായ കേസ് അവസാനിപ്പിച്ച പോലീസ് നടപടി തടഞ്ഞ് കോടതി !തുടർ അന്വേഷണത്തിനു ഉത്തരവ്

പത്തനംതിട്ട: ശബരിമല തീർഥാടകരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് കനത്ത തിരിച്ചടി. കേസ് അവസാനിപ്പിക്കാനുള്ള പോലീസിന്റെ നീക്കം തടഞ്ഞ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, തുടർ അന്വേഷണം നടത്താൻ ഉത്തരവിട്ടു. തെളിവുകളില്ലെന്ന് കാട്ടി പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. ഈ ഉത്തരവ് പോലീസിന്റെ മുൻ നിലപാടിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

2018-ലെ ശബരിമല യുവതിപ്രവേശ വിവാദ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. അയ്യപ്പഭക്തരുടെ വികാരം വൃണപ്പെടുത്തുന്ന തരത്തിൽ രഹ്ന ഫാത്തിമ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. അയ്യപ്പന്റെ വേഷവിധാനങ്ങൾ ധരിച്ച്, .കാലുകൾക്കിടയിൽ കത്രിക വെച്ച് അയ്യപ്പന്റെ ചിത്രം മുറിക്കുന്ന ഫോട്ടോയാണ് രഹ്ന ഫാത്തിമ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇത് ഭക്തരുടെ വികാരങ്ങളെ ആഴത്തിൽ വേദനിപ്പിച്ചു എന്നാരോപിച്ച് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോൻ പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രഹ്ന ഫാത്തിമയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു.

കേസെടുത്തെങ്കിലും, മതിയായ തെളിവുകൾ ലഭിച്ചില്ലെന്ന് കാണിച്ച് പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പരാതിക്കാരനായ രാധാകൃഷ്ണ മേനോൻ കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി പോലീസിന്റെ അന്തിമ റിപ്പോർട്ട് തള്ളുകയും കൂടുതൽ അന്വേഷണം നടത്താൻ നിർദേശിക്കുകയുമായിരുന്നു. അഡ്വ. അനിൽ കൊടുമൺ പത്തനംതിട്ടയാണ് പരാതിക്കാരന് വേണ്ടി കേസ് വാദിച്ചത്.

ഈ കേസിനു പുറമെ, ശബരിമല യുവതിപ്രവേശ വിവാദവുമായി ബന്ധപ്പെട്ടും രഹ്ന ഫാത്തിമ വാർത്തകളിൽ ഇടം നേടിയിരുന്നു. 2018-ൽ തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ, ആന്ധ്രയിൽനിന്നുള്ള ഒരു മാധ്യമപ്രവർത്തകയ്‌ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമല ദർശനത്തിനായി എത്തി. യുവതികൾക്ക് ദർശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയായിരുന്നു ഈ നീക്കം. പോലീസ് സംരക്ഷണം നൽകിയിരുന്നെങ്കിലും, പതിനെട്ടാംപടിക്ക് സമീപമുള്ള നടപ്പന്തലിൽവെച്ച് ഭക്തർ ഇവരെ തടഞ്ഞു. ഇവർ ധരിച്ചിരുന്ന ഇരുമുടി കെട്ടടക്കം അന്ന് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ ദർശനം നടത്താനാകാതെ രഹ്ന ഫാത്തിമയ്ക്ക് മടങ്ങേണ്ടിവന്നു.

Related Articles

Latest Articles