Sunday, December 14, 2025

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സ തേടിയ രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ വീട്ടിലെ കിണറിൽ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ കിണർ വറ്റിച്ചു. സമീപത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലാണ്.മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടേയും വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകള്‍ ശേഖരിച്ചു.

കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ ഒമ്പതു വയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടി നീന്തൽ പരിശീലിക്കാൻ അടുത്തുള്ള കുളത്തിൽ ഇറങ്ങിയതായി വിവരം ലഭിച്ചിരുന്നു. ഇവിടെ നിന്നാണ് കുട്ടിയുടെ ശരീരത്തിൽ രോഗാണു പ്രവേശിച്ചതെന്നാണ് കരുതുന്നത്. അതിനാൽ കുട്ടി നീന്തല്‍ പരിശീലിച്ച കുളത്തില്‍ ഉള്‍പ്പെടെ ആരും ഇറങ്ങരുതെന്നാണ് നിര്‍ദേശം.

Related Articles

Latest Articles